വിവാദം വിടാതെ ആർ. ശ്രീലേഖ,' എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് തുറന്നു "
തിരുവനന്തപുരം: വി.കെ.പ്രശാന്ത് എം.എൽ.എയുമായുള്ള ഓഫീസ് തർക്കം അവസാനിച്ചെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞെങ്കിലും വിവാദം വിടാതെ കൗൺസിലർ ആർ.ശ്രീലേഖ. വിവാദമായ കെട്ടിടത്തിൽ ഇന്നലെ ഓഫീസ് തുറന്ന ശ്രീലേഖ അത് ഫേസ്ബുക്കിലൂടെ അറിയിച്ചത് താൻ ഉയർത്തിയ വിവാദങ്ങളുടെ തുടർച്ചയെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളോടെയാണ്. ഭാരതാംബയുടെ ചിത്രം കസേരയിൽ വച്ച് വിളക്ക് തെളിച്ചാണ് ഓഫീസ് തുറന്നത്. പിന്നാലെ ജനപ്രതിനിധി എന്ന തന്റെ പുതിയ ദൗത്യം തുടങ്ങിയ സന്തോഷം ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവച്ചു.
ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
'എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി. കഷ്ടിച്ച് 70- 75 സ്‌ക്വയർ ഫീറ്റ്. പക്ഷെ ചുറ്റിനും ടൺ കണക്കിന് വേസ്റ്റ്. ഇന്നുമുതൽ സേവനം തുടങ്ങി. ഒരു മുറിയെന്ന് പറയാൻ ആവില്ല. ചെറിയ ഒരിടം. ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം. ഉച്ചവരെ ഇവിടെ വന്നത് 18 പേർ. അവരെ സഹായിച്ചതിൽ തൃപ്‌തി. അതുമതി'.
ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ വി.കെ.പ്രശാന്തിന്റെ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വാടകക്കരാർ അവസാനിക്കുന്ന മാർച്ച് വരെ ഒഴിയാൻ സാദ്ധ്യമല്ലെന്ന് വി.കെ.പ്രശാന്ത് നിലപാടെടുത്തു. പിന്നാലെയാണ് ഇന്നലെ ശ്രീലേഖ ഓഫീസ് തുറന്നത്.