ഖാലിദ സിയ: ഇന്ത്യാ വിരുദ്ധതയിൽ വളർന്ന രാഷ്‌ട്രീയ കരിയർ

Wednesday 31 December 2025 2:09 AM IST

ന്യൂഡൽഹി: അവിഭക്ത ഇന്ത്യയിൽ വേരുകളുണ്ടെങ്കിലും രാഷ്‌ട്രീയത്തിൽ പ്രവേശിച്ചതുമുതൽ ഇന്ത്യാവിരുദ്ധ സമീപനം കൈക്കൊണ്ടയാളാണ് ബീഗം ഖാലിദ സിയ. അവരുടെ ഭരണകാലത്ത് (1991–96, 2001–06) അസാം അടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദ പ്രവർത്തനങ്ങൾ ശക്തമായിരുന്നു. ബംഗ്ളാദേശ് വഴി പാകിസ്ഥാനിൽ നിന്ന് വിഘടനവാദികൾക്ക് സഹായം ലഭിച്ചു. ഭർത്താവ് ജനറൽ സിയാവുർ റഹ്മാൻ പുലർത്തിയ പാകിസ്ഥാൻ-ചൈന കൂറും ഇന്ത്യാവിരുദ്ധയും 1982ൽ രാഷ്‌ട്രീയത്തിൽ സജീവമായ ഖാലീദ സിയ തുടർന്നു. രാഷ്‌ട്രീയത്തിൽ ഉയരാൻ ഇന്ത്യാ വിരുദ്ധത ഇന്ധനമാക്കി. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് ഇന്ത്യയോടുള്ള അടുപ്പം ബംഗ്ലാദേശിനെ ദുർബലമാക്കുമെന്നായിരുന്നു അവരുടെ വാദം. പ്രസംഗങ്ങളിലെല്ലാം ഇന്ത്യാ വിരുദ്ധത നിറഞ്ഞുനിന്നു.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കൻ നെക്ക് പ്രദേശവുമായി ബന്ധപ്പെട്ട തർക്കം, 1976 ൽ ആരംഭിച്ച ഫറാക്ക അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കം എന്നിവ ആളിക്കത്തിച്ചതും ഖാലിദയാണ്. 1991ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമുയർത്തിയാണ് അഴർ ജയിച്ചതും. 1992ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവുമായി അതിർത്തി നദികളിലെ ജലം പങ്കിടുന്ന കരാറിനായി ശ്രമിച്ചിരുന്നു. പക്ഷേ 1996ൽ ഷെയ്ഖ് ഹസീനയാണ് ചരിത്രപ്രസിദ്ധമായ ഗംഗാ ജല ഉടമ്പടിയിൽ ഒപ്പുവച്ചത്. 2001ൽ ബി.എൻ.പി വീണ്ടും അധികാരത്തിൽ വന്നപ്പോൾ, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും മോശമായ നിലയിലായി 2015ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ളാദേശ് സന്ദർശിച്ചപ്പോൾ ഖാലിദയെ കണ്ടിരുന്നു.