പുറത്ത് ക്രിസ്‌മസ് ആഘോഷം; അകത്ത് 370 കോടിയുടെ വൻ കവർച്ച, നടന്നത് 'ഓഷ്യൻസ് ഇലവൻ' മോഡൽ മോഷണം

Wednesday 31 December 2025 10:39 AM IST

ബെർലിൻ: ക്രിസ്‌‌മസ് അവധി ദിവസത്തിൽ ബാങ്കിൽ നിന്ന് 370 കോടിയുടെ കവർച്ച നടത്തി മോഷണ സംഘം. ജർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ പടിഞ്ഞാറൻ നഗരമായ ഗെൽസെൻകിർച്ചനിലാണ് സംഭവം. സ്‌പാർക്കോസ് സേവിംഗ്‌സ് ബാങ്കിന്റെ ഭൂഗർഭ നിലവറയിലാണ് മോഷണം നടന്നത്.

പാർക്കിംഗ് ഗാരേജിനോടു ചേർന്നുള്ള നിലവറയുടെ ഭിത്തി തുരന്നാണ് മോഷണം നടത്തിയത്. സേഫ് ഡെപ്പോസിറ്റ് ബോക്‌സുകളിലാണ് ഉപഭോക്താക്കളുടെ പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. ഇതിൽ 3000 ത്തിൽ അധികം സേഫ് ഡെപ്പോസിറ്റ് ബോക്‌സുകൾ മോഷണ സംഘം തകർത്തിട്ടുണ്ട്. നിലവറയിൽ ഉണ്ടായിരുന്ന വസ്‌തുക്കളിൽ 95 ശതമാനത്തിൽ അധികവും മോഷ്‌ടിക്കപ്പെട്ടു.

കഴിഞ്ഞ ആഴ്‌ചയിൽ ക്രിസ്‌മസിനോടനുബന്ധിച്ച് ജർമ്മനിയിലെ ബിസിനസ് സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ നിലവറയ്‌ക്കുള്ളിൽ കയറിയ സംഘം ഡെപ്പോസിറ്റ് ബോക്‌സുകൾ തകർത്തിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണ വിവരം അറിയുന്നത്.

കഴിഞ്ഞ ആഴ്ചയിൽ രാത്രികാലങ്ങളിൽ പാർക്കിംഗ് ഗാരേജിന്റെ പടിക്കെട്ടിൽ നിരവധി പേർ വലിയ ബാഗുകളുമായി പോകുന്നത് കണ്ടവരുണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച ആളുകൾ പാർക്കിംഗ് ഗാരേജിൽ നിന്ന് പുറത്തേക്ക് പോകുന്നതായി തെളിഞ്ഞിട്ടുണ്ട്.

മോഷണവിവരം അറിഞ്ഞ് നൂറുകണക്കിന് ഉപഭോക്താക്കൾ ബാങ്കിന് പുറത്ത് തടിച്ചുകൂടി. പ്രകോപിതരായ ഇവർ ബാങ്ക് ജീവനക്കാരെ ആക്രമിക്കാതിരിക്കാൻ കനത്ത സുരക്ഷാ നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള ആസൂത്രണത്തോടെ നടത്തിയ മോഷണം 'ഓഷ്യൻസ് ഇലവൻ' എന്ന ചലച്ചിത്രത്തെ അനുസ്‌മരിപ്പിക്കുന്നതാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു.