'നിന്റെ മുഖത്ത് ഞാൻ മൂത്രമൊഴിക്കും'; ഗതാഗതക്കുരുക്കിൽപ്പെട്ട ദമ്പതികളോട് കയർത്ത് വനിതാ എസ്‌ഐ
ലക്‌നൗ: ഗതാഗതക്കുരുക്കിനിടെ ദമ്പതിമാരോട് അസഭ്യം പറഞ്ഞ വനിതാ എസ്‌ഐയുടെ വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ദമ്പതിമാരെ എസ്‌ഐ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടാണ് സംഭവമുണ്ടായത്. ബോംബെ ബസാറിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ സ്വന്തം കാറിലാണ് യൂണിഫോം ധരിച്ച വനിതാ എസ്‌ഐ രത്‌ന രതി എത്തിയത്. പുറത്തിറങ്ങിയ ഇവർ മുന്നിലുണ്ടായിരുന്ന കാറിലെ ദമ്പതിമാരോട് കയർത്ത് സംസാരിച്ചു. ഇതിന് മുമ്പ് തന്റെ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലുള്ളവരോടെല്ലാം എസ്‌ഐ കയർത്ത് സംസാരിച്ചിരുന്നുവെന്നാണ് വിവരം.
കാർ ഓടിച്ചിരുന്ന യുവാവിനോട് 'നിന്റെ മുഖത്ത് മൂത്രമൊഴിക്കും' എന്ന് എസ്‌ഐ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഗതാഗതക്കുരുക്കിൽപ്പെട്ട മറ്റൊരു യാത്രക്കാരനാണ് വനിതാ എസ്‌ഐയുടെ പരാക്രമം മൊബൈൽ ഫോണിൽ പകർത്തിയത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ എസ്‌ഐക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. എസ്‌ഐക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വിവാദത്തിലുൾപ്പെട്ട വനിതാ എസ്‌ഐ അലിഗഢിലെ റോരാവർ പൊലീസ് സ്‌റ്റേഷനിലാണ്. സംഭവദിവസം ഒരു കേസന്വേഷണത്തിന്റെ ഭാഗമായി മുസാഫർനഗറിൽ പോയിരുന്ന ഇവർ, തിരികെ മടങ്ങുന്നതിനിടെയാണ് മീററ്റിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതെന്നാണ് വിവരം.