പുതുവർഷം പിറന്നു; 2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്
Wednesday 31 December 2025 4:18 PM IST
താരാവ: പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പുതുവത്സരം ആദ്യമെത്തുന്ന വിദൂര പസഫിക് ദ്വീപ് രാഷ്‌ട്രമായ കിരിബാത്തിയിൽ 2026 പിറന്നു. പസഫിക് സമുദ്രത്തിന്റെ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ദ്വീപാണ് 33 അറ്റോളുകൾ ചേർന്ന കിരിബാത്തി. ഏകദേശം 1,16,000 ആണ് ഇവിടുത്തെ ജനസംഖ്യ.
കിരിബാത്തിക്ക് തൊട്ടുപിന്നാലെ തന്നെ സമോവ, ടോംഗ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പുതുവർഷമെത്തി. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ പുതുവർഷം പിറക്കുക. ഏറ്റവും അവസാനം പുതുവർഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക.