ആസിഡുമായി മദ്ധ്യവയസ്‌കന്റെ പരാക്രമം; വാതിലടച്ച് രക്ഷപ്പെട്ട് മകൾ, ഭാര്യയ്‌ക്ക് പൊള്ളൽ, ബന്ധുക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കാസർകോട്: അകന്നുകഴിയുന്ന ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാസർകോട് ബേഡകം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. സംഭവത്തിൽ മുന്നാട് വാവടുക്കം സ്വദേശി രവീന്ദ്രനെ (59) പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ ഭാര്യ ജാനകി(55), ഇവരുടെ സഹോദരിയുടെ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായ സുരേഷ് ബാബു എന്നിവർക്ക് പരിക്കേറ്റു.
മദ്യലഹരിയിലായിരുന്ന രവീന്ദ്രൻ ജാനകിയുടെ പിന്നിലൂടെയെത്തി ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ ജാനകിയുടെ പുറത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൾ അജിതയ്‌ക്ക് നേരെയും രവീന്ദ്രൻ ആസിഡ് ഒഴിക്കാൻ ശ്രമിച്ചെങ്കിലും അവർ ഉടൻ തന്നെ വീടിനുള്ളിൽ കയറി വാതിൽ അടച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. പ്രതി വാതിൽ ചവിട്ടി തുറക്കാൻ ശ്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു.
വീടിനുള്ളിൽ നിന്ന് ഫോണിലൂടെയാണ് അജിത ബന്ധുക്കളെ വിവരം അറിയിച്ചത്. തുടർന്ന് ബന്ധുവായ സുരേഷ് ബാബുവും സഹോദരങ്ങളും സ്ഥലത്തെത്തി. ഇവർ കാറിൽ വരുന്നതിനിടെ അവർക്കു നേരെയും രവീന്ദ്രൻ ആസിഡ് ഒഴിക്കാൻ ശ്രമിച്ചു. ഈ സമയം കാറിലുള്ളവർ ഗ്ലാസ് ഉയർത്തിയതിനാൽ ആസിഡ് മറ്റുള്ളവരുടെ ദേഹത്ത് വീണില്ല. സുരേഷ് ബാബുവിന് മാത്രം നേരിയ രീതിയിൽ പൊള്ളലേറ്റു. ജാനകിയുടെ സഹോദരന്റെ ഭാര്യ തോട്ടത്തിലായതിനാലാണ് രക്ഷപ്പെട്ടത്.