ചൂട് കൂടുന്നു,​ ജലസ്രോതസുകൾ വറ്റിവരളുന്നു..... തൊണ്ട നനയ്ക്കാൻ വേണം തുള്ളി വെള്ളം

Thursday 01 January 2026 1:31 AM IST

മുണ്ടക്കയം : പകൽസമയത്തെ ചുട്ടുപൊള്ളുന്ന ചൂടിൽ കിണറുകളും, തോടുകളും കുളങ്ങളും വറ്റി വരണ്ട് തുടങ്ങിയതോടെ ജില്ലയുടെ മലയോര മേഖലയിലും , പടിഞ്ഞാറൻ മേഖലയിലും കുടിവെള്ളക്ഷാമം. ചില സ്ഥലങ്ങളിൽ കുഴൽക്കിണറുകൾ ഉള്ളതും മറ്റു കിണറുകളിലെ വെള്ളം വറ്റുന്നതിന് കാരണമാകുന്നു. കുന്നിൻ പ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മുണ്ടക്കയം, മണിമല, നാട്ടകം, കൊല്ലാട്, ദിവാൻപുരം, പാക്കിൽ, കീഴ്ക്കുന്ന്, പാമ്പാടി, കറുകച്ചാൽ, നെടുംകുന്നം, മറിയപ്പള്ളി, കുമരകം, തിരുവാർപ്പ്, കാഞ്ഞിരം, കുറുപ്പന്തറ എന്നിവിടങ്ങളിൽ ജനം ആശങ്കയിലാണ്. വേനൽച്ചൂട് കൂടുകയാണെങ്കിൽ കൃഷിയിടങ്ങളിലേയ്ക്കും കൂടുതൽ വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്. വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്നത് കർഷകർക്ക് മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായത് മുതലാക്കി കുടിവെള്ളക്കച്ചവടക്കാരും കളത്തിലിറങ്ങി. തോന്നുംപടി വിലയാണ് ഈടാക്കുന്നത്.

ടാങ്കർ വെള്ളം, ഗുണനിലവാരം ഉറപ്പാക്കണം

ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ കുടിവെള്ള വിതരണം നടത്താൻ കഴിയൂ. കുടിവെള്ളം എടുക്കുന്ന കിണർ, ജലസ്രോതസ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തണം. എന്നാൽ പലരും അനുമതി വാങ്ങാറില്ല. ശുദ്ധജലമെന്ന പേരിൽ പലരും എത്തിക്കുന്നത് പാറക്കുളത്തിലെ വെള്ളമാണ്. സ്വന്തമായി വാഹനവും വാട്ടർ ടാങ്കുമുള്ളവരെല്ലാം കുടിവെള്ളവുമായി ഇറങ്ങുന്ന കാഴ്ചയാണ്. പണം സമ്പാദിക്കുകയാണ് ലക്ഷ്യം. വിവിധ നിരക്കുകളാണ് ഈടാക്കുന്നത്. പിക്കപ്പ് വാനുകൾ, ഓട്ടോറിക്ഷകൾ, മിനി ലോറികൾ എന്നിവയിലാണ് ജലവിതരണം.

പൈപ്പ് പൊട്ടൽ തുടർക്കഥ. കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോഴും പൈപ്പ് പൊട്ടി ശുദ്ധജലം നഷ്ടപ്പെടുന്നത് പതിവാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ വെള്ളം പാഴായിപ്പോകുന്നുണ്ട്. കാലപ്പഴക്കം ചെന്ന പൈപ്പുലൈനുകളിലൂടെയാണ് പലയിടത്തും ഇപ്പോൾ വെള്ളം ലഭിക്കുന്നത്. തകരാർ സംഭവിക്കുമ്പോൾ തട്ടിക്കൂട്ട് പണി നടത്തി അധികൃതർ തടിതപ്പും. ഉയർന്ന മർദ്ദം അനുഭവപ്പെടുമ്പോൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൈപ്പ് പൊട്ടുന്നത് സ്ഥിരം കാഴ്ചയാണ്.

നിരക്ക് ഇങ്ങനെ 750 ലിറ്റർ : 250 1000 ലിറ്റർ : 300 4000 ലിറ്റർ : 1000

'' പഞ്ചായത്ത് വക കുളങ്ങളും, കിണറുകളും വൃത്തിയാക്കി ആഴം കൂട്ടിയാൽ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും. കുടിവെള്ള കച്ചവടക്കാർ എത്തിക്കുന്ന വെള്ളം എവിടെ നിന്നാണെന്ന് പരിശോധിക്കാൻ അധികൃതർ തയ്യാറാകണം. മഞ്ഞപ്പിത്തമടക്കമുള്ള ജലജന്യ രോഗ ഭീതിയും നിലനില്ക്കുന്നു.

രവീന്ദ്രൻ, മുണ്ടക്കയം