മാദ്ധ്യമ പ്രവർത്തകനായി ദിലീപ്, പ്രൊഫസർ ഡിങ്കൻ പൂർത്തിയാക്കാനും ഒരുങ്ങുന്നു

Thursday 01 January 2026 6:02 AM IST

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് എത്തുന്നത് മാദ്ധ്യമപ്രവർത്തകന്റെ വേഷത്തിൽ. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം ആണ് ഫാമിലി ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഇതിവൃത്തം. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഈ മാസം മദ്ധ്യത്തിൽ പൂർത്തിയാകും. ബിനു പപ്പു, അശോകൻ, ശാരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവാഗതനായ വിബിൻ ബാലചന്ദ്രൻ രചന നിർവഹിക്കുന്നു. ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് എന്നീ ബാനറിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം,. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.അതേസമയം

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു സംവിധാനം ചെയ്ത് പാതി വഴിയിൽ മുടങ്ങിയ പ്രൊഫസർ ഡിങ്കൻ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ്. റാഫി രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ശേഷിക്കുന്ന രംഗങ്ങൾ റാഫി തന്നെ ചിത്രീകരിക്കാനാണ് സാധ്യത. മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ മോഹന്റെ രചനയിൽ നവാഗതനായ സജി സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ദിലീപ് ഇനി അഭിനയിക്കുന്നതെന്നാണ് വിവരം. നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ഫാന്റസി ആക്ഷൻ ത്രില്ലറായ പറക്കും പപ്പനിലും സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഈ വർഷം ദിലീപ് അഭിനയിക്കും.