അന്നദാനപ്രഭുവിന്റെ പ്രാതലിലും തട്ടിപ്പ്

Thursday 01 January 2026 1:10 AM IST

വൈക്കം : അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ തിരുസന്നിധിയിൽ എല്ലാ ദിവസവും നടക്കുന്ന പ്രാതൽ വഴിപാടിൽ നടക്കുന്നത് വൻതട്ടിപ്പ്. 25 പറ അരിയുടെ പ്രാതൽ നടത്തുമ്പോൾ ദേവസ്വം രസീത് നൽകുമെങ്കിലും ഒരുക്കുന്നത് പത്തുപറയുടെ പ്രാതലാണ്. പത്തുപറ പ്രാതൽ ഒരുക്കിയാൽ തന്നെ ഏകദേശം 2 പറയോളം മിച്ചം വരുന്നതായും ഇത് അത്താഴ ഊട്ടിനായി ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച് ഭക്തരുടെ കൂട്ടായ്മ ദേവസ്വം ബോർഡിലെ ഉന്നതാധികൃതർക്ക് പരാതി നൽകി. കോടതി ഉത്തരവ് പ്രകാരം സാധാരണ ദിവസങ്ങളിൽ 8 പറയും ശനി, ഞായർ ദിവസങ്ങളിൽ 12 പറ അരിയുടെ പ്രാതലുമാണ് ഒരുക്കേണ്ടത്. ഒരു പറ പ്രാതലിന് 5000 രൂപയാണ് ദേവസ്വത്തിൽ ഒടുക്കേണ്ടത്. ഒരു പറ പ്രാതൽ വഴിപാടായി നടത്തുന്ന ഭക്തന് 5 സ്‌പെഷ്യൽ ടോക്കണും 30 സാധാരണ ടോക്കണും നൽകും. 25 പറ വയ്ക്കുമ്പോൾ 125 സ്‌പെഷ്യൽ ടോക്കണും 750 സാധരാണ ടോക്കണും ഉൾപ്പടെ 875 ടോക്കൺ നൽകേണ്ടിവരും. ഒരേ സമയം ഊട്ടുപുരയിൽ ഏകദേശം 468 ഭക്തർക്ക് പ്രാതലിൽ പങ്കെടുക്കാം. ടോക്കൺ ലഭിച്ച ഏകദേശം 400 ഭക്തരും ടോക്കണില്ലാത്ത ഭക്തരും അടുത്ത പന്തിക്കായി കാത്തു നിൽക്കണം. ഊട്ടുപുരയിൽ കയറി പറ്റാനുള്ള തിരക്ക് പലപ്പോഴും വാക്കുതർക്കത്തിൽ കലാശിക്കുന്നു. കഴിഞ്ഞ ദിവസം കാര്യങ്ങൾ സംഘർഷത്തിന്റെ വക്കോളമെത്തി.

ടോക്കൺ അധിഷ്ഠിത വേർതിരിവും കഴിഞ്ഞ 28​ ന് അന്നദാനം കഴിക്കാൻ എത്തിയ ഭക്തർ രാവിലെ 11 മുതൽ 1 മണിവരെ നീണ്ട നിരയിൽ കാത്തുനിന്നിട്ടും പലർക്കും നിരാശരായി മടങ്ങേണ്ടിവന്നു. രണ്ട് മണിക്കൂറോളം കനത്ത വെയിലിനെ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഭഗവാന്റെ അന്ന പ്രസാദം കഴിക്കാൻ കാത്തുനിന്നത്. ഒടുവിൽ ലഭിച്ചതുമില്ല. ചോദ്യം ചെയ്തതോടെ കുറച്ചുപേർക്ക് ഉൗട്ടുപുരയിലേക്ക് പ്രവേശനം ലഭിച്ചു. ദേവസ്വം അധികൃതരുമായി നടത്തിയ ചർച്ചയിൽ ഏകദേശം 400 പേർക്ക് ആദ്യം ടോക്കൺ അടിസ്ഥാനത്തിൽ അന്നദാനം നൽകുന്നതായും, തുടർന്ന് മാത്രമാണ് സാധാരണ ഭക്തരെ പ്രവേശിപ്പിക്കുന്നതെന്നുമാണ് പറഞ്ഞതെന്ന് ഭക്തജനങ്ങൾ പറഞ്ഞു. ടോക്കൺ ലഭിച്ചവർ സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർ നിലത്ത് ഇരുന്ന് കഴിക്കേണ്ട സാഹചര്യമാണ്.

ദക്ഷിണയാണ് പ്രധാനം

പ്രാതൽ വഴിപാട് നടത്തുന്നവരിൽ നിന്ന് അർഹരല്ലാത്തവർ ദക്ഷിണ വാങ്ങുന്നു

ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നവർക്ക് മുഴുവൻ ദക്ഷിണ കൊടുക്കണം

ഇതിൽ ഉന്നതജീവനക്കാർ മുതൽ കഴകക്കാരും, വാദ്യക്കാരും വരെയുണ്ട്

ഒരു പറയ്‌ക്ക് ഈടാക്കുന്നത് : 5000

25 പറയുണ്ടെങ്കിൽ വയ്ക്കുന്നത് 10 പറ

ഉദ്യോഗസ്ഥർ ചെലവ് എഴുതിയെടുക്കുന്നു

''

ക്ഷേത്രത്തിൽ എല്ലാ രംഗത്തും വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. അതിന്റെ പ്രതിഫലനമാണ് പ്രാതലിലുമുള്ളത്. ഇത് അവസാനിക്കണമെങ്കിൽ അടിമുടി ശുദ്ധികലശം വേണം.

ഇ.എസ്. ശങ്കരൻ നായർ പുഴക്കര മാലിയിൽ, ഉദയനാപുരം

 ''ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ക്ഷേത്ര കാര്യങ്ങൾ നടത്തേണ്ടത്. എന്നാൽ ഇവിടെ അധികൃതർ കോടതിയേയും ഭക്തജനങ്ങളേയും ഒരുപോലെ കബളിപ്പിക്കുകയാണ്. കോടതി നിർദ്ദേശങ്ങളിൽ ഇവർ ആവശ്യാനുസരണം വെള്ളം ചേർക്കുന്നു.

കെ.ആർ. മോഹൻ കുമാർ കുന്നേമഠം, വൈക്കം

''

അധികൃതരുടെ തന്നിഷ്ടങ്ങളാണ് നടക്കുന്നത്. അനർഹരാണ് പല രംഗത്തും കാര്യങ്ങൾ ചെയ്യുന്നത്. കെടുകാര്യസ്ഥതയാണ് ഇവിടെ അരങ്ങേറുന്നത്.

സി.കെ. വാസുദേവൻ കുഴിക്കാട്ട്, വടയാർ