വാഹനങ്ങളിൽ തീപിടിത്തം പതിവ്... കരുതൽ വേണം, അല്ലേൽ കത്തിയമരും

Thursday 01 January 2026 1:11 AM IST

കോട്ടയം : ഓടിക്കൊണ്ടിരിക്കുന്ന വാഹങ്ങളിൽ നിന്ന പുക. പിന്നാലെ തീ. ഞൊടിയിടയിൽ കൺമുന്നിൽ വാഹനം കത്തിയമരുന്ന കാഴ്ചകൾ പതിവാകുകയാണ്. ഷോർട്ട് സർക്യൂട്ടാണ് പലപ്പോഴും വില്ലൻ. ഇന്നലെ ഭാഗ്യം കൊണ്ടാണ് ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. ഗവിയിലേയ്ക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചെങ്കിലും യാത്രക്കാർ വേഗം ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു. ദുരന്തമൊഴിവാക്കാൻ വാഹനങ്ങൾക്കും കരുതൽ വേണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദ്ദേശം.വയറിംഗിന്റെ കാലപ്പഴക്കം,​ ഗുണനിലവാരമില്ലാത്ത വയറുകൾ,​ അനാവശ്യ അൾട്ടറേഷൻ തുടങ്ങിയവ തീപിടിത്തത്തിലേക്ക് നയിക്കാം. പലപ്പോഴും ബാറ്ററിയിൽ നിന്നോ ഹെഡ് ലൈറ്റുകളിൽ നിന്നോ ആണ് തീപിടിത്തം. കൂടുതൽ വോൾട്ടേജുള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും എല്ലാം കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകൾക്ക് കനം കുറഞ്ഞ വയറിംഗാണ് ഉപയോഗിക്കുന്നത്.

അറ്റകുറ്റപ്പണിയിൽ അലംഭാവം അരുത്

 ഓയിൽ ലീക്കേജ് ഉണ്ടൊയെന്ന് പരിശോധിക്കുക

 ദിവസവും ബോണറ്റ് തുറന്ന് പരിശോധിക്കണം

എൻജിൻ കമ്പാർട്ട്‌മെന്റ് വൃത്തിയാക്കണം

 ഗ്യാസ് ലൈനുകളിൽ ലീക്കില്ലെന്ന് ഉറപ്പാക്കണം

അനാവശ്യമായ ആൾട്ടറേഷനുകൾ ഒഴിവാക്കണം ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്യണം ഇന്ധനം കുപ്പിയിൽ വാങ്ങി വാഹനങ്ങളിൽ സൂക്ഷിക്കരുത്

പരിഭ്രമിക്കരുത്

തീ കണ്ടാൽ എത്രയും വേഗം എൻഞ്ചിൻ ഓഫ് ആക്കണം

ഡോർ ലോക്കായാൽ സൈഡ് ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടാം

ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കരുതണം

യാത്രക്കാരെ പുറത്തിറക്കിയാൽ ഫയർഫോഴ്‌സിനെ വിവരമറിയിക്കണം

ഫയർ എക്സിറ്റിംഗ്യൂഷർ, വെള്ളം എന്നിവ ഉപയോഗിച്ച് തീ നിയന്ത്രിക്കാം

ഇന്നലത്തേത് അനാസ്ഥ

കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസാണ് ഇന്നലെ കത്തിയമർന്നത്. സ്വന്തമായി മെക്കാനിക്കും മറ്റ് സംവിധാനങ്ങളുമുള്ള ബസ് തീ പടിച്ചത് അനാസ്ഥയിലേയ്ക്കാണ് വിരൽച്ചൂണ്ടുന്നത്.