ചന്ദന കള്ളക്കടത്ത്: പ്രധാന പ്രതി പിടിയിൽ
പാലോട്: കിളിമാനൂർ തൊളിക്കുഴിയിൽ നിന്ന് ചന്ദനത്തടി പിടികൂടിയ കേസിലെ പ്രധാന പ്രതി പിടിയിൽ. പെരിങ്ങാവ് പള്ളിക്കുന്നത്ത് നജാം (50) ആണ് പിടിയിലായത്. ന്യൂ ഇയർ പ്രമാണിച്ച് പാലോട് കുളത്തൂപ്പുഴ റെയ്ഞ്ചുകളുടെ സംയുക്ത രാത്രികാല പരിശോധനയിലാണ് ഇയാളെ വീട്ടിൽ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 14ന് നജാമിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ രണ്ട് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 45 കിലോ ചന്ദനമാണ് അന്ന് പിടികൂടിയത്. നവാസ്,പ്രമോദ് എന്നിവരെയും ഒരു മാരുതി ആൾട്ടോ കാറും പിടികൂടിയിരുന്നു.
ആറ്റിങ്ങൽ,വർക്കല,പാരിപ്പള്ളി,പള്ളിക്കൽ,കിളിമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചന്ദന കള്ളക്കടത്ത് വ്യാപകമാണ്. ഇവിടം കേന്ദ്രീകരിച്ച് 6 കേസുകളിലായി 12 പേരെ പിടികൂടിയിട്ടുണ്ട്. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെയും കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ ആർ.സി അരുൺ, ബി.എഫ്.ഒ അഭിമന്യു, വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി.