സഞ്ചാരയോഗ്യമല്ലാതെ കോയിക്കൽ,ശ്രീനാരായണ റോഡുകൾ

Thursday 01 January 2026 1:57 AM IST

മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിലെ കോയിക്കൽ-ശാന്തുമൂല,ശാന്തുമൂല-ശ്രീനാരായണ ലെയിൻ റോഡുകൾ തകർന്ന് തരിപ്പണമായിട്ട് കാലങ്ങളായി. ജീവൻ പണപ്പെടുത്തിയാണ് ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇതുവഴി സഞ്ചരിക്കുന്നത്. റോഡ് നവീകരണത്തിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് കരാറായിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ കരാറുകാരൻ ഈ റോഡ് നവീകരിക്കുന്നതിൽ വിമുഖത കാട്ടുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. റോഡ് നവീകരണത്തിനുള്ള സാധനസാമഗ്രികൾ മറ്റ് റോഡുകൾ നവീകരിക്കാനായി മാറ്റിയെന്നാണ് നാട്ടുകാർ പറയുന്നത്.ഓഫീസ് വാർഡിലുൾപ്പെട്ട ഈ രണ്ട് റോഡുകളും നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ ഭരണസമിതി അംഗമായിരുന്ന കെ.അജിതകുമാരി റോഡ് നവീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ കരാറുകാരൻ നവീകരണം നീട്ടികൊണ്ടു പോകുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

അപകടം പതിവ്

ശാന്തുമൂല ഗുരമന്ദിരത്തിന് സമീപത്തെ ശ്രീനാരായണ റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇവിടെ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഗുരുമന്ദിരത്തിനടുത്ത് റോഡിൽ സ്കൂട്ടർ യാത്രക്കാരൻ തെന്നിവീണ് അപകടത്തിൽപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. കാൽനടയാത്രക്കാർ വീഴുന്നതും പതിവാണിവിടെ. ഈ റോഡും കോയിക്കൽ റോഡ് കരാറെടുത്തയാളാണ് നവീകരിക്കേണ്ടത്.

നവീകരണം നടക്കുന്നില്ല

ശാന്തുമൂല-കോയിക്കൽ റോഡ് ആരംഭിക്കുന്നിടത്ത് വൻകുഴികൾ രൂപപ്പെട്ടിട്ട് കാലങ്ങളേറെയായി. മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും യാത്ര ബുദ്ധിമുട്ട് നേരിടുമ്പോഴും യാത്രക്കാർ ഈ റോഡിലൂടെയാണ് പോകാറുള്ളത്. മൂന്ന് വർഷം മുൻപാണ് റോഡ് നവീകരിച്ചത്. കുഴികളിൽ വീണുള്ള അപകടവുമുണ്ട്. റോഡ് നവീകരിക്കാൻ മെറ്റലും അനുബന്ധസാധനങ്ങളും ഇറക്കിയിട്ടുണ്ടെങ്കിലും നവീകരിക്കുന്നില്ല.

തകർന്നടിഞ്ഞ് റോ‌ഡുകൾ

വിളപ്പിൽ,വിളവൂർക്കൽ,മാറനല്ലൂർ പഞ്ചായത്ത് റോഡുകളുടെ അവസ്ഥയും വിഭിന്നമല്ല. വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാല-ഇരട്ടക്കുളം ചൊവ്വള്ളൂർ റോഡും അപകടപാതയായി മാറിയിട്ടുണ്ട്. വിളപ്പിൽശാല നിന്ന് ചൊവ്വള്ളൂർ ക്ഷേത്രത്തിലേക്കുള്ള രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡും തകർന്നിട്ടുണ്ട്. വടക്കേജംഗ്ഷൻ -വിളയിൽ ദേവീക്ഷേത്രം, നെടുങ്കുഴി-പരുത്തംപാറ റോഡുകൾ, വിഴവൂർ -പൊറ്റയിൽ,കല്ലുപാലം-വേങ്കൂർ എന്നീ വിളവൂർക്കൽ പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമല്ല. സമീപ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവയാണ് ഇവയിൽ മിക്ക റോഡും. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. പുന്നാവൂർ - അറ്റത്തുകോണം,വണ്ടനൂർ-കുക്കുറുണി എന്നീ മാറനല്ലൂർ പഞ്ചായത്ത് റോഡുകളും തകർന്ന സ്ഥിതിയാണ്.