ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ച് പുനഃസംഘടിപ്പിക്കും സൂചന നൽകിയത് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവും, ദാവൂദി ബോറ - പാഴ്സി സമുദായങ്ങളിലെ തർക്കങ്ങളമുടക്കം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചേക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. അഞ്ചു വർഷമായി ബെഞ്ച് കാര്യമായ വാദം കേൾക്കലോ സിറ്റിംഗോ നടന്നിട്ടില്ല.
ലിംഗനീതിയും, സ്‌ത്രീകളുടെ അവകാശങ്ങളും, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. യുവതീപ്രവേശനം അനുവദിച്ച 2018 സെപ്‌തംബർ 28ലെ വിധി ചോദ്യം ചെയ്‌ത ഹർജികളാണ് വിശാല ബെഞ്ചിന്റെ പരിഗണനയിലുള്ള പ്രധാനകേസ്. ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലിം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കുമാണ് മറ്റൊരു വിഷയം.
സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്‌ത പാഴ്സി വനിതയെ ക്ഷേത്രത്തിൽ പ്രവേശനം തടയുന്നതാണ് കോടതിയുടെ മുന്നിലുള്ള മൂന്നാമത്തെ വിഷയം. 2020 ജനുവരി 13ന് വിശാല ബെഞ്ച് വാദം കേൾക്കാൻ തുടങ്ങിയപ്പോൾ ആ ബെഞ്ചിലുണ്ടായിരുന്ന സൂര്യകാന്ത് ഒഴികെ മറ്റു എട്ടുപേരും വിരമിച്ചു. 2027 ഫെബ്രുവരി ഒമ്പതിന് സൂര്യകാന്ത് വിരമിക്കും. അതിനുള്ളിൽ വാദംകേട്ട് തീരുമാനിക്കുമോയെന്നതാണ് നിർണായകം. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും സജീവമാകുന്നത്.
പൗരന് ഏതു അർദ്ധരാത്രിയിലും സമീപിക്കാം
മൗലികാവകാശ ലംഘനങ്ങളുണ്ടായാൽ പൗരന് ഏതു അർദ്ധരാത്രിയിലും സുപ്രീംകോടതിയെയോ ഹൈക്കോടതികളെയോ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമവിരുദ്ധ അറസ്റ്ര് ഭയന്നാലും കോടതിയുടെ വാതിലിൽ മുട്ടാം.