വികസന പ്രതീക്ഷയിൽ പുതുവർഷം പിറന്നു

Thursday 01 January 2026 12:06 AM IST

കോട്ടയം : പുതുവർഷത്തിനെ ഏറെ പ്രതീക്ഷകളോടെയാണ് ജില്ല വരവേൽക്കുന്നത്. കാലങ്ങളായി മുടങ്ങിക്കിടക്കുന്നതും പാതിവഴിയിലായതും നിരവധി പദ്ധതികൾക്ക് 2026 ലെങ്കിലും ശാപമോക്ഷമായാൽ കോട്ടയത്തിന്റെ വളർച്ചയ്ക്ക് തണലാകും. അതോടൊപ്പം പുതിയ പദ്ധതികൾ വരാനുമുണ്ട്. റബർ മുതൽ വിമാനത്താവളം വരെ വിപുലമായ പ്രതീക്ഷകൾ. ശബരി റെയിലിൽ തുടർ നടപടികളുണ്ടാകുമോയെന്നും ഉറ്റുനോക്കുന്നു.

ഗതാഗതം കോടിമത രണ്ടാംപാലം

വർഷങ്ങളായി മുടങ്ങിക്കിടന്ന കോടിമത രണ്ടാംപാലത്തിന്റെ നിർമ്ണമാപ്രവൃത്തികൾക്ക് ജീവൻവച്ചെങ്കിലും പൂർത്തിയായിട്ടില്ല. കോടിമത നാലുവരിപ്പാതയ്ക്ക് കുപ്പിക്കഴുത്തിന് സമാനമായ കവാടമാണിപ്പോഴുള്ളത്. നിലവിലെ പാലത്തിന് സമീപം രണ്ടാംപാലം കൂടി വരുന്നതോടെ ഇതിന് പരിഹാരമാവും.

ആകാശപ്പാത

ഇപ്പോഴും ഇതുവരെ തീരുമാനമായിട്ടില്ല. എം.എൽ.എയ്ക്കും സി.പി.എമ്മിനും പരസ്പരം ആരോപണങ്ങളുന്നയിക്കാൻ ആകാശപ്പാത ഇപ്പോഴും ബാക്കി. ആകാശപ്പാതയുടെ ഭാവി എന്താണെന്നത് ഇപ്പോഴും അജ്ഞാതം.

വഴിമുടക്കി പോളയും പാലവും

ജലഗതാഗതത്തിന് ഏറെ പ്രാധാന്യമുള്ള കോട്ടയത്തിന്റെ ശാപമാണ് പോളയും പൊക്കുപാലങ്ങളും. പോളയിൽ കുരുങ്ങി ബോട്ട് കായലിൽ പെട്ടുപോകുന്ന അവസ്ഥയ്ക്ക് വർഷമിത്രയായിട്ടും പരിഹാരമായിട്ടില്ല. ബോട്ട് വരുമ്പോൾമാത്രം ഉയർത്തുന്ന പൊക്കുപാലങ്ങൾ പണിമുടക്കുന്നതും ബോട്ടുസർവീസ് തടസപ്പെടുത്തുന്നു.

ആരോഗ്യം

ജില്ല ആശുപത്രിയിൽ നിർമാണപ്രവൃത്തികൾ ആരംഭിച്ച പത്തുനിലക്കെട്ടിടം ആരോഗ്യരംഗത്ത് ജില്ലയ്ക്ക് പ്രതീക്ഷ നൽകുന്നു. മെഡിക്കൽ കോളേജ് കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് .

വിമാനത്താവളം,​ റെയിൽപ്പാത

സ്ഥലം ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കിയതോടെ ഇനി എന്ത് എന്നതാണ് ചെറുവള്ളി വിമാനത്താവളത്തിന്റെ പ്രതിസന്ധി. സർക്കാർ ഇടപെടലുകളിലാണ് പ്രതീക്ഷ. ശബരി റെയിൽവെയുടെ പണം മുടക്ക് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.

ടൂറിസം വിനോദ സഞ്ചാര മേഖലയിൽ ജില്ലയുടെ പ്രതീക്ഷ കുമരകമാണ്. വർഷം തോറും നിരവധി സഞ്ചാരികളാണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇവിടേക്കെത്തുന്നത്. ഗ്രാമീണ ടൂറിസത്തെ പരിപോഷിപ്പിച്ച് മലരിക്കൽ ആമ്പൽഫെസ്റ്റും മലരിക്കൽ ടൂറിസം മേളയും ഓരോ വർഷവും സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ആളുകളെ ആകർഷിക്കുന്നു. മലയോര ടൂറിസത്തിന്റെ സാദ്ധ്യതകളും പ്രയോജനപ്പെടും. വാഗമൺ,​ ഇല്ലിക്കല്ല്,​ മുതുകോരമല അടക്കമുള്ള പ്രദേശങ്ങളും ടൂറിസം വികസനവും ടൂറിസം സർക്യൂട്ടും ഉൾപ്പെടെയുള്ള പദ്ധതികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.