കലോത്സവവേദിയിൽ എത്തി പഴയ ഹിപ്പി ഉണ്ണി

Wednesday 31 December 2025 9:15 PM IST

കാസർകോട്: അവിഹിതം സിനിമയിലെ വേഷത്തിനായി മുടി ക്രോപ്പ് ചെയ്ത നടൻ ഉണ്ണിരാജ് കലോത്സവനഗരിയിൽ എത്തിയത് പഴയ ഹിപ്പിമുടിയുമായി. ഈ മാസം പതിനാറിന് റിലീസ് ചെയ്യുന്ന 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരത്തിന്റെ വിശേഷങ്ങളുമായാണ് മൊഗ്രാലിലെ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉണ്ണിരാജ് എത്തിയത്.

കാസർകോടിന്റെ സ്വന്തം ഉണ്ണിയെ പതിവ് വേഷത്തിൽ തിരിച്ചുകിട്ടിയെന്നാണ് തടിച്ചുകൂടിയ ആരാധകർ സാക്ഷ്യപ്പെടുത്തിയത്. ഒപ്പം നിർത്തി ഫോട്ടോയും സെൽഫിയും എടുക്കാൻ ഇശൽ ഗ്രാമത്തിലുള്ളവർ മത്സരിക്കുകയായിരുന്നു. സിനിമയിലും മിനിസ്ക്രീനിലും കണ്ടുപരിചയിച്ച ഹിപ്പി മുടി ക്രോപ്പ് ചെയ്ത ഉണ്ണി അവിഹിതത്തിൽ വേണു എന്ന സീരിയസായ ടൈലറുടെ വേഷമാണ് ചെയ്തത്.

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരത്തിൽ ടൈറ്റിൽ റോളിലാണ് ഉണ്ണി അഭിനയിക്കുന്നത്. കലോത്സവ വേദികളെ പ്രണയിക്കുന്ന നടന് ഊഷ്മളമായ വരവേൽപ്പാണ് മൊഗ്രാലിൽ ലഭിച്ചത്. ഗേറ്റിൽ വച്ച് നൽകിയ പായസം കുടിച്ചാണ് ഉണ്ണി ആരാധകർക്ക് ഇടയിലേക്ക് എത്തിയത്. തന്റെ ജീവിതവും കടന്നുവന്ന വഴികളെ കുറിച്ചും കലോത്സവ തിരക്കിലും അദ്ദേഹം വാചാലനായി.സിനിമയും നാടകവും സഞ്ചാരവും കലാപ്രവർത്തനവും എല്ലാമായി ജനങ്ങൾക്കൊപ്പം നിൽക്കുന്ന തന്നെ വളർത്തിയത് ഇവിടത്തെ ജനങ്ങളാണെന്ന് ഉണ്ണിരാജ് ചെറുവത്തൂർ പറഞ്ഞു. മൊഗ്രാലിൽ ഞാൻ എത്തിയത് അതിഥിയായാണ്. എവിടെ എത്തിയാലും താൻ കാസർകോടിന്റെ സ്വന്തം ഉണ്ണിയായിരിക്കുമെന്നും നാട് നൽകുന്ന സ്നേഹം ഏറെ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലോത്സവത്തിലെ സമാപന പരിപാടിയിൽ മുഖ്യാതിഥിയായും ഉണ്ണിരാജ് പങ്കെടുത്തു. ജീവിതത്തിലെ കഷ്ടപാടുകൾക്കിടയിൽ കൂലിപ്പണിക്ക് പോയിരുന്ന ഉണ്ണി നാടകം, മൂകാഭിനയം, സ്കിറ്റ് എന്നിവയിൽ പരിശീലകനായി 28 വർഷം കലോത്സവവേദികളിൽ സജീവമായിരുന്നു. നിരവധി സംസ്ഥാന ജേതാക്കളെ ഈ പരിശീലനത്തിനിടയിൽ ഉണ്ണിരാജ് വാർത്തെടുത്തിട്ടുമുണ്ട് ..