ഒസ്‌മാൻ ഹാദിയെ കൊന്ന് ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ളാദേശ് ആരോപിച്ച പ്രതി യുഎഇയിൽ, വീഡിയോ പുറത്ത്

Wednesday 31 December 2025 9:22 PM IST

ധാക്ക: ഷെയ്‌ഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുൻനിര നേതാവ് ഷരീഫ് ഒസ്‌മാൻ ഹാദിയെ കൊന്ന പ്രധാന പ്രതികളിലൊരാൾ യുഎഇയിൽ. കേസിൽ പ്രതിയായ ഫൈസൽ കരീം മസൂദാണ് യുഎഇയിൽ നിന്ന് സമൂഹമാദ്ധ്യമ പോസ്റ്റ് പങ്കുവച്ചത്. ഇയാൾ കൊലയ്‌ക്ക് ശേഷം ഇന്ത്യയിലേക്ക് കടന്നെന്നായിരുന്നു ബംഗ്ളാദേശ് പൊലീസിന്റെ വാദം. ഇത് തെറ്റാണെന്ന് ഇതോടെ ബോദ്ധ്യമായിരിക്കുകയാണ്.

താനിപ്പോൾ ദുബായിലാണെന്നും ഒസ്‌മാൻ ഹാദിയെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഫൈസൽ കരീം വീഡിയോയിൽ പറയുന്നു. തന്നെയും കുടുംബത്തെയും കേസിൽ കുടുക്കിയെന്നും ജീവനെ ഭയന്നാണ് യുഎഇയിൽ അഭയംതേടിയതെന്നും ഫൈസൽ പറയുന്നു. ഒസ്‌മാൻ ഹാദിയെ വളർത്തിയതും വധിച്ചതും ജമാ അത്തെ ഇസ്‌ലാമിയാണെന്ന് ഫൈസൽ ആരോപിച്ചു. ബിസിനസ് പങ്കാളിത്തമാണ് താനും ഷരീഫ് ഒസ്‌മാൻ ഹാദിയുമായി ഉണ്ടായിരുന്നതെന്നും ഇയാളുടെ രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് പലപ്പോഴും പണം കടംകൊടുത്തെന്നും ഫൈസൽ കരീം പറയുന്നു.

ധാക്ക പൊലീസ് നേരത്തെ അറിയിച്ചതനുസരിച്ച് മേഘാലയയിലെ ഹുലുഘട്ട് വഴി കേസിലെ പ്രതികളായ ഫൈസൽ കരീം മസൂദ്, അലംഗീർ ഷെയ്ഖ് എന്നിവർ ഇന്ത്യയിലേക്ക് കടന്നു എന്നായിരുന്നു വിവരം. ഇതാണ് ഫൈസൽ ഇപ്പോൾ തള്ളിയത്. ധാക്ക പൊലീസിന്റെ ആരോപണം പിഎസ്‌എഫും മേഘാലയ പൊലീസും അന്നുതന്നെ തള്ളിയിരുന്നു.

അടുത്ത വർഷം നടക്കുന്ന ബംഗ്ളാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങവെയാണ് ഷരീഫ് ഒസ്‌മാൻ ഹാദിയെ ധാക്ക ബിജോയ്‌നഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണസ്ഥലത്തുവച്ച് വധിച്ചത്. മുഖംമൂടി ധരിച്ച് സ്ഥലത്തെത്തി വെടിവയ്‌ക്കുകയായിരുന്നു. തലയിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഒസ്‌മാനെ ഉടൻ സിംഗപ്പൂരേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഇതോടെ ബംഗ്ളാദേശിൽ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടു. വിദ്യാർത്ഥി സംഘടനയുടെ വിലാപയാത്രയിലാണ് സംഭവം.