ഒടുവിൽ ആ മരങ്ങൾ പൊതുമരാമത്ത് വകുപ്പ് തന്നെ മുറിച്ചു മാറ്റി

Thursday 01 January 2026 12:25 AM IST

മൂലമറ്റം: പാതയോരത്ത് അപകട ഭീഷണിയായി നിന്നിരുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പ് അധിക്യതർ ഒ‌ടുവിൽ മുറിച്ചു മാറ്റി. ഏറെ നാളായുള്ള നാട്ടുകാരുടെ ആവശ്യമാണ് വൈകി നടപ്പാക്കിയിരിക്കുന്നത്. തൊടുപുഴ താലൂക്ക് ദുരന്തനിവാരണ വിഭാഗം ഈ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ നിർദ്ദേശം കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്ന് പി.ഫോർ എന്ന പേരിലുള്ള മൂലമറ്റത്തെ നാട്ടുകാരുടെ സോഷ്യൽ മീഡിയ കൂട്ടായ്മ കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ കോടതിയുടെ കർശനമായ ഇടപെടലിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ഇന്നലെ മരങ്ങൾ മുറിച്ച് മാറ്റിയത്. അരമണിക്കൂർ കൊണ്ട് പരിഹരിക്കേണ്ടിയിരുന്ന വിഷയത്തിനായി ആറുമാസത്തോളമാണ് ഈ സംഘടന സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയത്. ജില്ലാ കളക്ടറേറ്റ്, തൊടുപുഴ താലൂക്ക് ഓഫീസ്, തൊടുപുഴ സർവ്വേ വിഭാഗം എന്നിവിടങ്ങളിലെല്ലാം പരാതിയുമായി നടന്നതിന്റെ ഫലമായി ഈ മരങ്ങൾ പി.ഡബ്ല്യു.ഡി ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിൽക്കുന്നതെന്ന് ഉറപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടിയിലൂടെ അനുകൂല വിധി നേടിയത്.