നാലുവയസുകാരനെ കൊലപ്പെടുത്തിയതിന് പിന്നിൽ അമ്മയുമായുള്ള തർക്കത്തെ തുടർന്നുള്ള വൈരാഗ്യം,​ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

Wednesday 31 December 2025 11:39 PM IST

തിരുവനന്തപുരം : അമ്പലത്തിൻകരയിലെ ലോഡ്ജിൽ നാലുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്ര താന സ്വദേശി മുഹമ്മദ് യാസിനാണ് (28) പിടിയിലായത്. പശ്ചിമബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ദിൽദൽ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുമായുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുട്ടി അവശനിലയിലാണെന്ന് പറഞ്ഞ് മുന്നി ബീഗം നിലവിളിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിക്കുന്നത്. കുട്ടിയുടെ വായിൽ നിന്ന് ചോരയും പതയും വരുന്നുണ്ടായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്.

പോസ്റ്റുമോർട്ടത്തിൽ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് രണ്ടുദിവസമായി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. ഒന്നരവർഷമായി ഭർത്താവുമായി പിണങ്ങിക്കഴിയുന്ന മുന്നി ബീഗം കഴിഞ്ഞ കുറച്ചുനാളുകളായി യാസിനോടൊപ്പമാണ് താമസം. ഇവർ രണ്ട് മക്കളോടൊപ്പം ഒരാഴ്ച മുമ്പാണ് അമ്പലത്തിൻകരയിലെ ലോഡ്ജിൽ മുറിയെടുത്തത്. കൊലപാതകത്തിൽ അമ്മയ്ക്ക് പങ്കില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആലുവയിലുള്ള പിതാവ് സജാദ് എത്തിയാൽ മൃതദേഹം വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.