പുതുവത്സരത്തെ വരവേറ്റ് നാട്

Thursday 01 January 2026 8:38 AM IST

ആലപ്പുഴ: പുത്തൻ പ്രതീക്ഷയോടെ ആശംസകൾ നേർന്നും പുതുവത്സരത്തെ വരവേറ്റും ജില്ല. വലിയ ആഘോഷ പരിപാടികളാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരുന്നത്. ആലപ്പുഴ ബീച്ച്, മാരാരി ബീച്ച് എന്നിവിടങ്ങളിലും പുതുവത്സരാഘോഷങ്ങൾ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി വർണ ബലൂണുകൾ ആകാശത്തേക്ക് പറത്തി. ആലപ്പുഴ ബീച്ച് കാർണിവൽ, മാരാരി ബീച്ച് ഫെസ്റ്റ് എന്നിവിടങ്ങളിലെല്ലാം ആയിരങ്ങളാണ് പുതുവത്സര പുലരിയെ വരവേൽക്കാനെത്തിയത്. പടക്കം പൊട്ടിച്ചും ആർത്തുവിളിച്ചുമാണ് 2026നെ സ്വീകരിച്ചത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സംഗീത, നൃത്ത പരിപാടികൾ, സംഗമങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ എല്ലായിടത്തും പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. മാരാരി ബീച്ചിൽ ആദ്യമായി പാപ്പാഞ്ഞിയെ കത്തിച്ചു. 45 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് കത്തിച്ചത്. വിവിധ ഹോട്ടലുകൾ, ക്ലബ്ബുകൾ, റിസോർട്ടുകൾ, ഹൗസ്ബോട്ടുകൾ എന്നിവ കേന്ദ്രീകരിച്ചും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പൊലീസ് പരിശോധനയുടെ ഭാഗമായി വൈകുന്നേരം മൂന്നുമണി മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിയമലംഘനങ്ങൾക്കെതിരെ നടപടിയും സ്വീകരിച്ചു.