സി.പി.എം പ്രവർത്തകയുടെ വീടിന് നേരെ ആക്രമണം
Thursday 01 January 2026 12:53 AM IST
കല്ലമ്പലം: നാവായിക്കുളത്ത് എൽ.ഡി.എഫ് ബ്ലോക്ക് സ്ഥാനാർത്ഥിയായി മത്സരിച്ചയാളുടെ വീടിന് നേരെ ആക്രമണം. കിളിമാനൂർ ബ്ലോക്കിലെ തൃക്കോവിൽവട്ടം ഡിവിഷനിൽ സ്ഥാനാർത്ഥിയായിരുന്ന സബ്‌നയ്‌ക്കും കുടുംബത്തിനും നേരേയാണ് ആക്രമണമുണ്ടായത്. കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്നാണ് ഇവരുടെ പരാതി.
സബ്നയുടെ ഭർത്താവും സി.പി.എം പ്രവർത്തകനുമായ നാദിർഷയ്ക്ക് പരിക്കേറ്റു. ഇവരുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു. നാവായിക്കുളം പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്ക് സി.പി.എം അംഗങ്ങൾ പിന്തുണ നൽകിയിരുന്നു. വിജയാഘോഷത്തിനിടെയുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.