സി.പി.ഐ ചതിയൻ ചന്തു: വെള്ളാപ്പള്ളി
ശിവഗിരി: സി.പി.ഐ ചതിയൻ ചന്തുമാരാണെന്നും ഒൻപതു വർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സർക്കാരിനെ തള്ളിപ്പറയുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിമർശനമുണ്ടെങ്കിൽ ഉന്നയിക്കേണ്ടത് പാർട്ടിക്കുള്ളിലാണ്, അല്ലാതെ പുറത്തല്ല. മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരും. താൻ ഇനിയും അതുതന്നെ പറയുമെന്നും വ്യക്തമാക്കി. ശിവഗിരി തീർത്ഥാടന സമ്മേളന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.
അയ്യപ്പ സംഗമത്തിനെത്തിയപ്പോൾ താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. താൻ അയിത്ത ജാതിക്കാരനാണോ. ഉയർന്ന ജാതിക്കാരനാണ് കയറിയതെങ്കിൽ മാദ്ധ്യമങ്ങൾ പ്രശ്നമാക്കുമായിരുന്നോ. മലപ്പുറത്തെക്കുറിച്ച് താൻ പറഞ്ഞത് ശരിയായ കാര്യമാണ്. മലപ്പുറം ഉൾപ്പെടെ മലബാർ മേഖലയിലെ മൂന്ന് ജില്ലകളിൽ എസ്.എൻ.ഡി.പി യോഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സാധിക്കുന്നില്ല. സ്ഥലമൊക്കെയുണ്ടെങ്കിലും അനുമതി ലഭിക്കുന്നില്ല.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പദ്മകുമാർ കള്ളനാണെന്ന് താൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. പാർട്ടി ഏതാണെങ്കിലും ഉപ്പുതിന്നവർ വെള്ളം കുടിക്കും. കുറ്റക്കാർക്കെതിരെ സി.പി.എം നടപടി എടുക്കാത്തതെന്തെന്ന് അവരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജനം ഇടതു മുന്നണിയിൽ നിന്നകന്നു: ബിനോയ് വിശ്വം
ജനങ്ങൾ ഇടതുമുന്നണിയിൽ നിന്നും അകന്നെന്നും തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടു പോകുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായില്ല. തിരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണ്. സി.പി.ഐ യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്നതെല്ലാം കഥകൾ മാത്രമാണ്. എൽ.ഡി.എഫ് ശക്തിപ്പെടണമെന്നാണ് യോഗങ്ങളിൽ അഭിപ്രായമുയർന്നത്.
സി.പി.ഐ യോഗങ്ങളിൽ എൽ.ഡി.എഫ് നേതൃത്വത്തിനെതിരെ വിമർശനമുണ്ടായി. വിമർശനം മുന്നണിയെ ദുർബലപ്പെടുത്താനല്ല. മൂന്നാം ഭരണത്തിനായി കാലതാമസമില്ലാതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങൾ എൽ.ഡി.എഫിൽ നിന്ന് അകന്നതിന്റെ കാരണം കണ്ടെത്തണം. തിരുത്തൽ വരുത്താൻ കഴിയണം. ജനമാണ് വലുതെന്ന തിരിച്ചറിവോടെ മുന്നോട്ട് പോകണം. അതിനുള്ള നയങ്ങളും നടപടികളും വേണം.
സി.പി.ഐ ചതിയൻ ചന്തുവാണെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെയും ബിനോയ് വിശ്വം വിമർശിച്ചു. എൽ.ഡി.എഫിന്റെ മുഖമല്ല വെള്ളാപ്പള്ളി. ഇടതുമുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ല. ചതിയൻ ചന്തു പ്രയോഗം ചേരുന്നത് അത് പറഞ്ഞയാൾക്കാണ്. ആ തൊപ്പി അദ്ദേഹത്തിന് ഇണങ്ങും. വെള്ളാപ്പള്ളിയെ താൻ കാറിൽ കയറ്റില്ല. യഥാർത്ഥ വിശ്വാസികളുമായി കൈകോർക്കും. വെള്ളാപ്പള്ളി യഥാർത്ഥ വിശ്വാസിയാണോയെന്ന് മാദ്ധ്യമങ്ങൾ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഭവന സന്ദർശനം 15 മുതൽ 30വരെ
തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമാണ്. വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായം മനസിലാക്കുമെന്നും ബിനോയ് വിശ്വം. ഭവന സന്ദർശനങ്ങൾ തെറ്റുതിരുത്തൽ പ്രകിയയുടെ ഭാഗമാണ്. 15 മുതൽ 30വരെയാണ് സി.പി.ഐയുടെ ഭവന സന്ദർശനം. യഥാർത്ഥ വിശ്വാസികളോട് ഇടതുമുന്നണിക്ക് ആദരവാണ്. ശബരിമലയിലെ സ്വത്ത് അപഹരിച്ചത് ആരായാലും അവരോട് വിട്ടുവീഴ്ചയില്ല. ഉപ്പുതിന്നവർ ശിക്ഷിക്കപ്പെടണം. കെ.പി.ശങ്കരദാസിന് ഗുരുതര ആരോഗ്യ പ്രശ്നമുള്ളതു കൊണ്ടാണ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാത്തത്.