കാലിക്കറ്റ് യൂണി. അത്‌ലറ്റിക്‌സ്; ആദ്യ ദിനത്തിൽ നാല് മീറ്റ് റെക്കാഡുകൾ
തൃശൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌സ് മീറ്റിന്റെ ആദ്യ ദിനത്തിൽ പിറന്നത് നാല് മീറ്റ് റെക്കാഡുകൾ. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 5000 മീറ്റർ, പെൺകുട്ടികളുടെ ഷോട്ട്പുട്ട്, ആൺകുട്ടികളുടെ ഹാമർ ത്രോ എന്നിവയിലാണ് റെക്കാഡുകളുടെ പിറവി.
പെൺകുട്ടികളുടെ 5000 മീറ്ററിൽ 13 വർഷം പഴക്കമുള്ള റെക്കാഡാണ് തകർന്നത്. 2022ൽ പാലക്കാട് മേഴ്‌സി കോളേജിലെ എം.ഡി താര കുറിച്ച റെക്കാഡ് വേഗമാണ് മേഴ്‌സിയുടെ തന്നെ വി. രഞ്ജിത മറികടന്നത്. താര 17 മിനിറ്റ് 16.31 സെക്കൻഡിൽ താണ്ടിയ ദൂരം രഞ്ജിത 17 മിനിറ്റ് 8.31 സെക്കൻഡിൽ പൂർത്തിയാക്കി. ആൺകുട്ടികളുടെ 5000 മീറ്ററിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റിലെ സാഹിൽ കംബോജ് പുതിയ റെക്കാഡിട്ടു. തൃശൂർ സെന്റ് തോമസ് കോളേജിലെ നബീൽ ഷാഹി കഴിഞ്ഞ വർഷം സ്ഥാപിച്ച റെക്കാഡാണ് സാഹിൽ മറികടന്നത്. 14 മിനിറ്റ് 33.70 സെക്കൻഡ് എന്ന നബീലിന്റെ പ്രകടനത്തെ 14 മിനിറ്റ് 31.56 സെക്കൻഡിൽ ഓടിയെത്തിയാണ് സാഹിൽ മറികടന്നത്. ഷോട്ട് പൂട്ടിൽ 14.14 മീറ്റർ എറിഞ്ഞ ക്രൈസ്റ്റ് കോളേജിലെ അനുപ്രിയയുടെ പേരിലാണ് പുതിയ റെക്കാഡ്. 2020ൽ ഇതേ കോളേജിലെ മേഘ മറിയം മാത്യു എറിഞ്ഞ 12.87 മീറ്റർ ദൂരമാണ് പഴങ്കഥയാക്കിയത്. 54.66 മീറ്റർ ഹാമർ എറിഞ്ഞ സെന്റ് തോമസ് കോളേജിലെ ഷെബീബ് ഹാമർ ത്രോയിൽ മീറ്റ് റെക്കാഡിട്ടു. ആറ് വർഷം മുമ്പ് 50.33 മീറ്റർ എറിഞ്ഞ രാഹുൽ സുഭാഷിന്റെ റെക്കാഡ് മറികടന്നു. കുന്നംകുളം മോഡൽ ബോയ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മേളയിൽ 125 കോളേജുകളെ പ്രതിനിധീകരിച്ച് 1500ൽ പരം കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. മേള വെള്ളിയാഴ്ച സമാപിക്കും.
ഉദ്ഘാടനം
കുന്നംകുളം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌സ് മീറ്റിന്റെ ഉദ്ഘാടനം മലങ്കര ഓർത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ യൂലിയോസ് നിർവഹിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. അതിഥേയരായ ബഥാനിയ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മാനേജർ ഫാ. ബെഞ്ചമിൻ, സിൻഡിക്കേറ്റ് അംഗം അഡ്വ. എം.ബി. ഫൈസൽ, ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ, ഡോ. സക്കീർ ഹുസൈൻ, നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ അനിലൻ എന്നിവർ സംസാരിച്ചു.