ആവേശത്തിരയിൽ പുതുവർഷത്തെ വരവേറ്റ് തലസ്ഥാനം
തിരുവനന്തപുരം/ വിഴിഞ്ഞം: പുത്തൻ പ്രതീക്ഷകളുമായി ലോകം പുതുവർഷത്തെ വരവേറ്റപ്പോൾ,ആട്ടവും പാട്ടുമായി ആഘോഷത്തിമർപ്പാക്കി തലസ്ഥാനനഗരവും. രാത്രി 12ഓടെ ആകാശത്ത് പൂത്തിരിവർണം വിതറിയപ്പോൾ നാടും നഗരവും ആർത്തുവിളിച്ചു, 'ഹാപ്പി ന്യൂ ഇയർ'.
മാനവീയം വീഥി,കനകക്കുന്ന് കൊട്ടാരം,ശംഖുംമുഖം,കോവളം ബീച്ചുകൾ,വിവിധ ക്ലബുകൾ,ഹോട്ടലുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിവിധ ആഘോഷങ്ങൾ അലതല്ലി. കോവളത്ത് വിദേശികളും ഉത്തരേന്ത്യൻ സ്വദേശികളും അടക്കമുള്ളവർ തീരം നിറഞ്ഞുനിന്നാണ് പുതുവർഷത്തെ വരവേറ്റത്.
സ്വകാര്യ ഹോട്ടലുകളിൽ നിന്നുയർന്ന ചെണ്ടമേളത്തിന്റെയും നാസിക് ബാന്റുകളുടെയും താളത്തിൽ തീരത്തുണ്ടായിരുന്നവർ നൃത്തം ചവിട്ടി.ഇന്നലെ വൈകിട്ടോടെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ചെണ്ടമേളവും തെയ്യവും തീരത്തെത്തിയിരുന്നു.
സന്ധ്യ മയങ്ങിയതോടെ തീരത്തെ ഹോട്ടലുകളിൽ നിന്നുള്ള ആഘോഷഗാനങ്ങൾ തീരത്ത് മുഴങ്ങി. രാത്രിയോടെ ഡി.ജെ പാർട്ടികൾ സജീവമായി.വർണവിളക്കുകൾ തൂക്കിയ റസ്റ്റോറന്റുകളിൽ സഞ്ചാരികൾ നേരത്തെതന്നെ സ്ഥാനം പിടിച്ചിരുന്നു.തിരകളിലേക്ക് എടുത്തുചാടുന്നവരെ നിയന്ത്രിക്കാൻ പൊലീസും ലൈഫ് ഗാർഡുകളും നന്നേ പാടുപെട്ടു. രാത്രി 12യായതോടെ തീരത്തെ വിവിധ കോണുകളിൽ നിന്ന് പൂത്തിരികൾ വാനോളം ഉയർന്നു. അതേസമയം തീരത്ത് ആഘോഷത്തിരകളും ഉയർന്നു.12 കഴിഞ്ഞതോടെ പൊലീസ് തീരത്ത് നിന്നവരെ ഒഴിപ്പിച്ചു.
മാനവീയം വീഥിയിലും കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച പുഷ്പോത്സവത്തിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. നിശാഗന്ധിയിൽ പ്രത്യേക കലാപരിപാടികളും നടന്നു. ട്രിവാൻഡ്രം ക്ലബ്,ശ്രീമൂലം ക്ലബ്,വിവിധ ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ ഡി.ജെ പാർട്ടികൾ അരങ്ങേറി. ആഘോഷങ്ങൾ കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.12 വരെ ബാറുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പരിശോധന ശക്തമാക്കിയിരുന്നു.എക്സൈസ്,മോട്ടോർ വാഹന വകുപ്പ്,പൊലീസ് എന്നിവ സംയുക്തമായി വാഹന പരിശോധനകളും നടത്തി.