മോദി- അധീർ കൂടിക്കാഴ്‌ച: സംശയ ദൃഷ്‌ടിയോടെ കോൺ.

Thursday 01 January 2026 1:08 AM IST

ന്യൂഡൽഹി: പശ്‌ചിമ ബംഗാൾ മുൻ പി.സി.സി അദ്ധ്യക്ഷനും മുതിർന്ന നേതാവുമായ അധീർ രഞ്ജൻ ചൗധരി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആശയക്കുഴപ്പം. കൂടിക്കാഴ്‌ചയ്‌ക്ക് മറ്റ് അർത്ഥങ്ങളില്ലെന്നാണ് അധീർ വ്യക്തമാക്കിയത്.

മുൻ പി.സി.സി അദ്ധ്യക്ഷനായ അധീർ ബഹ്‌രാംപൂരിലെ സിറ്റിംഗ് മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയപ്പെട്ട ശേഷം പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. എം.പിയായിരുന്നപ്പോൾ ലോക്‌സഭാ നേതാവെന്ന നിലയിൽ കോൺഗ്രസിന്റെ ദേശീയ തലത്തിൽ നിർണായക പങ്കുവച്ചിരുന്ന അധീറിന് ഇപ്പോൾ കാര്യമായ പങ്കില്ല. ചെറിയ ഇടവേളയ്‌ക്കു ശേഷം ഡൽഹിയിലെത്തിയ അദ്ദേഹം ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരായ അക്രമണ വിഷയത്തിൽ മോദിയെ കണ്ടത് പല അഭ്യൂഹങ്ങൾക്കും ഇടയാക്കി.

എന്തുവില കൊടുത്തും ബംഗാളിൽ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനാൽ കോൺഗ്രസ്, തൃണമൂൽ പാർട്ടികളിലെ പ്രമുഖ നേതാക്കളെ വലവീശാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ അധീറിന്റെ നീക്കങ്ങൾ കോൺഗ്രസ് ശ്രദ്ധേയോടെയാണ് വീക്ഷിക്കുന്നത്.

കൂടിക്കാഴ്ചയ്‌ക്ക് രാഷ്ട്രീയ അർത്ഥം കണ്ടെത്തേണ്ടതില്ല. ബംഗാളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്‌തതത്.

-അധീർ രഞ്ജൻ