ശബ്‌ദ സാമ്പിൾ ആവശ്യപ്പെടുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല

Thursday 01 January 2026 1:09 AM IST

ന്യൂഡൽഹി: ക്രിമിനൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ശബ്‌ദ സാമ്പിൾ നൽകണമെന്ന് ആവശ്യപ്പെടുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് ഡൽഹി ഹൈക്കോടതി. വ്യക്തിയുടെ സ്വകാര്യത എന്ന മൗലികാവകാശത്തെ ലംഘിക്കുന്നതല്ലെന്ന് ജസ്റ്റിസ് നീന ബൻസൽ കൃഷ്‌ണ നിരീക്ഷിച്ചു. വൻ കോഴയിടപാടുകളിൽ ബന്ധമുണ്ടെന്ന് ആരോപണമുള്ള ഉത്തർപ്രദേശ് കാൺപൂരിലെ മാംസ വ്യാപാരി മോയിൻ ഖുറേഷിയുടെ ഹർജി തള്ളിക്കൊണ്ടാണ് നിലപാട്. ഖുറേഷിയുടേതെന്ന് സംശയിക്കുന്ന ഫോൺ സംഭാഷണങ്ങളുടെ ആധികാരിത സ്ഥിരീകരിക്കാൻ വിചാരണക്കോടതി നടത്തിയ ഇടപെടലിനെയാണ് ഹ‌ർജിയിൽ ചോദ്യം ചെയ്‌തത്. ശബ്‌ദ സാമ്പിൾ കേസ് അന്വേഷിക്കുന്ന സി.ബി.ഐയ്‌ക്കു കൈമാറണമെന്നായിരുന്നു വിചാരണക്കോടതിയുടെ നിർദ്ദേശം. ഈ നടപടിയിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. സ്വകാര്യതയ്‌ക്കുള്ള അവകാശം മൗലികാവകാശമാണെങ്കിലും കേസ് അന്വേഷണം തുടങ്ങിയ നിയമാനുസൃതമായ കാര്യങ്ങൾക്ക് വ്യക്തി വഴങ്ങേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.