വെടിനിറുത്തലിന് മദ്ധ്യസ്ഥം: ചൈനീസ് വാദം തള്ളി ഇന്ത്യ
ന്യൂഡൽഹി: മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള വെടിനിറുത്തലിന് മധ്യസ്ഥത വഹിച്ചെന്ന ചൈനീസ് അവകാശവാദം തള്ളി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ വെടിനിറുത്തലിന് അഭ്യർത്ഥിച്ചതാണെന്നും മൂന്നാം കക്ഷി മദ്ധ്യസ്ഥതയുണ്ടായിരുന്നില്ലെന്നും വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി.
മദ്ധ്യസ്ഥത സംബന്ധിച്ച ഇന്ത്യയുടെ നിലപാട് എല്ലായ്പ്പോഴും വ്യക്തമാണ്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഒരു മദ്ധ്യസ്ഥതയും നടന്നിട്ടില്ല. മൂന്നാം കക്ഷി ഇടപെടൽ സാധ്യമല്ലെന്ന് ഇന്ത്യ എല്ലായ്പ്പോഴും വാദിച്ചിട്ടുണ്ട്. വെടിനിറുത്തലിനായി ഇന്ത്യയുടെ ഡി.ജി.എം.ഒയോട് (സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ) പാകിസ്ഥാൻ അഭ്യർത്ഥിക്കുകയായിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ, കംബോഡിയ-തായ്‌ലൻഡ്, വടക്കൻ മ്യാൻമാർ പ്രശ്‌നം, ഇറാനിയൻ ആണവ പ്രശ്‌നം എന്നിവയുൾപ്പെടെ നിരവധി സംഘർഷ മേഖലകളിൽ സമാധാനം ഉറപ്പാക്കാൻ മദ്ധ്യസ്ഥത വഹിച്ചെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. സമാധാനം കെട്ടിപ്പടുക്കാൻ നിർണായക പങ്കുവഹിച്ചെന്നാണ് ബീജിംഗിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യ-പാകിസ്ഥാൻ വെടിനിറുത്തലിന്റെ ക്രഡിറ്റിനായി പരിശ്രമിക്കുകയാണ്.