അടച്ചിട്ടിരുന്ന വീട്ടിൽ മോഷണ ശ്രമം: മോഷ്ടാക്കൾ സി .സി.ടിവി കവർന്നു

Thursday 01 January 2026 2:12 AM IST

വെള്ളറട: ആളില്ലാത്ത വീട്ടിൽ മോഷണ ശ്രമം നടത്തിയ മോഷ്ടാക്കൾ സി.സി.ടിവി കവർന്നതായി പരാതി. വെള്ളറട ഗവ. യു.പി സ്കൂളിന് സമീപം ശ്രീപത്മത്തിൽ റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥാൻ അനിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാരകളും പെട്ടികളും കുത്തിത്തുറന്ന് പരിശോധിച്ചെങ്കിലും വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നും കണ്ടെത്തിയില്ല. തുടർന്നാണ് വീട്ടിലുണ്ടായിരുന്ന സി.സി.ടിവി മോഷ്ടിച്ചത്. വീടിന്റെ പുറകുവശത്തെ വാതിൽ തുറന്നാണ് മോഷ്ടാക്കൾ രക്ഷപെട്ടത്. അനിലും കുടുംബവും കഴിഞ്ഞ മൂന്നുദിവസമായി ബന്ധു വീട്ടിലായിരുന്നു. ബുധനാഴ്ച വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് വെള്ളറട പൊലീസിൽ പരാതി നൽകി. സി.ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അനിലിന്റെ വീട്ടിൽ ആളില്ലെന്ന് മനസിലാക്കിയവരാണ് മോഷണത്തിനെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സമീപത്തെ ടയർപഞ്ചർകടയിലെ ഒതുക്കിയിട്ടിരുന്ന ലോറിയിൽ നിന്ന് ഡീസൽ എടുത്തശേഷം സി.സി.ടിവി യുടെ ഹാർഡ് ഡിസ്ക്ക് മോഷ്ടിച്ചത്.