തുരങ്കത്തിൽ വച്ച് ട്രെയിനുകൾ കൂട്ടിയിടിച്ച് 60 പേർക്ക് പരിക്ക്
Thursday 01 January 2026 1:13 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട രണ്ടു ട്രെയിനുകളും വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ ജോലിയുടെ ഭാഗമായുള്ളവയായിരുന്നു.
തൊഴിലാളികളുമായി പോയ ട്രെയിൻ പദ്ധതിക്കായുള്ള നിർമ്മാണ സാമഗ്രികളുമായി പോയ ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു. അപകട സമയം 109 തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിർമ്മാണ വസ്തുക്കളും മാറ്റുന്നതിനായി ട്രെയിനുകൾ ഉപയോഗിക്കാറുണ്ട്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.