കഴക്കൂട്ടത്ത് ജീപ്പിൽ കാറിടിച്ച് യുവാവ് മരിച്ചു
കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേയിൽ ഡീസൽ തീർന്നതിനെ തുടർന്ന് ഓഫായിപ്പോയ ജീപ്പിന് പിന്നിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. തൃക്കണ്ണാപുരം തിരുവാതിരയിൽ മനോഹരൻ-ശ്രീലത ദമ്പതികളുടെ മകൻ അരുൺ ഗോപാലാണ് (34) മരിച്ചത്. അരുണിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ സുജിത്ത് (41),നവാബ് എന്നിവർക്ക് പരിക്കേറ്റു.
ഇന്നലെ പുലർച്ചെ അഞ്ചോടെ ടെക്നോപാർക്കിന് സമീപത്താണ് അപകടമുണ്ടായത്. ആക്കുളത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ്. കാർ ശക്തമായി ഇടിക്കുകയും ആഘാതത്തിൽ ജീപ്പ് റോഡിൽ തലകീഴായി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിലുണ്ടായിരുന്ന അരുൺ ഗോപാലും സുഹൃത്തുക്കളായ സുജിത്തും നവാബും റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഹോട്ടൽ ബിസിനസ് ചെയ്യുന്ന അരുൺ ബിസിനസ് സംബന്ധമായ ആവശ്യത്തിനാണ് വർക്കലയിലേക്ക് പോകാനിറങ്ങിയത്. പരിക്കേറ്റ സുജിത്ത് നിലവിൽ അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നവാബിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി. കാറിലുണ്ടായിരുന്ന കുടുംബത്തിന് നിസാര പരിക്കുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച കാർ ഡ്രൈവർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.