ഖാ​ലി​ദ​ ​സി​യയ്ക്ക് വിടചൊല്ലി ബംഗ്ലാദേശ്

Thursday 01 January 2026 7:25 AM IST

ധാക്ക: മുൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ബം​ഗ്ലാ​ദേ​ശ് ​നാ​ഷ​ണ​ലി​സ്റ്റ് ​പാ​ർ​ട്ടി​ ​(​ബി.​എ​ൻ.​പി​)​ ​അ​ദ്ധ്യ​ക്ഷ​യു​മാ​യ​ ​ബീ​ഗം​ ​ഖാ​ലി​ദ​ ​സി​യയ്ക്ക്​ ​(80​)​ വിടചൊല്ലി ബംഗ്ലാദേശ്. ധാക്കയിൽ പാർലമെന്റിന്റെ സൗത്ത് പ്ലാസയിൽ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനാ ചടങ്ങുകൾ നടന്നു.

ആയിരക്കണക്കിനാളുകൾ പാർലമെന്റ് കെട്ടിടത്തിന് പുറത്തും സമീപ റോഡുകളിലും തടിച്ചുകൂടി. ജനങ്ങളെ നിയന്ത്രിക്കാൻ സൈനികരടക്കം പതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ധാക്കയിലെ ഷേ​ർ​-​ഇ​-​ബം​ഗ്ലാ​ ​നഗറിൽ ഭർത്താവും ​ബം​ഗ്ലാ​ദേ​ശ് മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ​ശ​വ​കു​ടീ​ര​ത്തി​ന് സമീപമാണ് ഖാലിദയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.

ധാ​ക്ക​യി​ലെ​ ​എ​വ​ർ​കെ​യ​ർ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു ഖാലിദയുടെ​ ​അ​ന്ത്യം.​ ​ഹൃ​ദ​യ,​ ​ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ​ന​വം​ബ​ർ​ 23​നാ​ണ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.

കത്ത് കൈമാറി ജയശങ്കർ

ഖാ​ലി​ദയുടെ മകൻ താരിഖ് റഹ്‌മാനെ കണ്ട് അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഖാലിദയുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത ജയശങ്കർ,​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന കത്ത് റഹ്മാന് കൈമാറി. ബി.​എ​ൻ.​പിയുടെ ആക്ടിംഗ് ചെയർമാനാണ് താരിഖ്. ഖാലിദയുടെ ദർശനവും മൂല്യങ്ങളും ഇന്ത്യ-ബംഗ്ലാദേശ് പങ്കാളിത്തത്തിന്റെ വികസനത്തിന് വഴികാട്ടുമെന്ന ആത്മവിശ്വാസം ജയശങ്കർ താരിഖുമായി പങ്കുവച്ചു.