ബംഗ്ലാദേശിലെ ആൾക്കൂട്ട ആക്രമണം --- ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം: യു.കെ

Thursday 01 January 2026 7:26 AM IST

ധാക്ക: ബംഗ്ലാദേശിൽ മത ന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളെ അപലപിച്ച് യു.എസിന് പിന്നാലെ യു.കെയും രംഗത്ത്. ദീപു ചന്ദ്രദാസ്, അമൃത് മൊണ്ടാൽ എന്നീ യുവാക്കളുടെ കൊലപാതകത്തിൽ ആശങ്ക അറിയിച്ച യു.കെ സർക്കാർ, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പറഞ്ഞു. ദീപുവിന്റെ കൊലയുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായതിനെസ്വാഗതം ചെയ്തു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ബംഗ്ലാദേശ് സർക്കാർ ഉറപ്പാക്കണമെന്നും യു.കെ സർക്കാർ വക്താവ് വ്യക്തമാക്കി.

വിഘടനവാദി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ട പിന്നാലെയാണ് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം വ്യാപകമായത്. ഡിസംബർ 18ന് മതനിന്ദ ആരോപിച്ച് ദീപുവിനെയും 24ന് ക്രിമിനൽ സംഘത്തലവനെന്ന് കാട്ടി മൊണ്ടാലിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ദീപു കൊല്ലപ്പെട്ട മൈമൻസിംഗ് ജില്ലയിൽ തന്നെ കഴിഞ്ഞ ദിവസം ഗാർമെന്റ് ഫാക്ടറിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ബജേന്ദ്ര ബിശ്വാസിനെ (40) സഹപ്രവർത്തകൻ വെടിവച്ചു കൊന്നിരുന്നു.

2024 ആഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷം രാജ്യത്ത് 293 പേർ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ധാക്ക ആസ്ഥാനമായുള്ള ഐൻ ഒ സാലിഷ് കേന്ദ്ര (എ.എസ്.കെ) പറയുന്നു. ഹിന്ദുക്കളെ ലക്ഷ്യമാക്കി 42 ആക്രമണം നടന്നെന്നും ഹിന്ദു കുടുംബങ്ങളുടെ 36 വീടുകൾ കത്തിച്ചെന്നും എ.എസ്.കെയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

# കുറ്റകൃത്യങ്ങളെ വെള്ളപൂശുന്നു

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ പൊലീസ് വെള്ളപൂശുന്നതായി ആരോപണം. ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെ വ്യക്തിപരമായ തർക്കങ്ങളോ അപകടങ്ങളോ ആക്കി തീർക്കാൻ ശ്രമിക്കുന്നതായി ന്യൂനപക്ഷ സംഘടനകൾ ആരോപിച്ചു.

ബജേന്ദ്ര ബിശ്വാസിന്റെ കൊലപാതകം അബദ്ധത്തിൽ സംഭവിച്ചതാണോ ബോധപൂർവ്വം നടത്തിയതാണോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ച പിന്നാലെയാണ് ആരോപണങ്ങൾ ശക്തമായത്. ബജേന്ദ്ര ബിശ്വാസുമായി സംസാരിച്ചിരിക്കെ സഹപ്രവർത്തകനായ നോമാൻ മിയ വെടിയുതിർക്കുകയായിരുന്നു. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.