ആദ്യം കിരിബാസ് ദ്വീപിൽ, 2026നെ വരവേറ്റ് ലോകം

Thursday 01 January 2026 7:27 AM IST

വെല്ലിംഗ്ടൺ : പുതിയ സ്വപ്നങ്ങൾ,​ പുതിയ പ്രതീക്ഷകൾ, പുതിയ ആവേശങ്ങൾ.. മനോഹരമായ നിമിഷങ്ങൾക്കായുള്ള കാത്തിരിപ്പ്... ആഘോഷങ്ങളും ആരവങ്ങളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി എത്തി. വിവിധ വർണങ്ങളിലെ ലൈറ്റ് ഷോയുടെയും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകളുടെയും ചിറകിലേറി എത്തിയ 2026നെ പ്രൗഡ ഗംഭീരമായ വർണക്കാഴ്ചകൾ ഒരുക്കിയാണ് ലോകരാജ്യങ്ങൾ സ്വീകരിച്ചത്.

മദ്ധ്യ പസഫിക് സമുദ്രത്തിലെ കിരിബാസ് ദ്വീപിലാണ് സമാധാനത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹത്തിന്റെയും പ്രതീകമായി 2026 ആദ്യം എത്തിയത്. 1,19,400 ഓളം പേർ ജീവിക്കുന്ന കിരിബാസ് ദ്വീപിൽ ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 3.30ന് പുതുവർഷം പിറന്നു. 4.30ന് ന്യൂസിലൻഡിലും സിഡ്നി അടക്കം ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ 6.30നും പുതുവർഷമെത്തി. തുടർന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ്, സിംഗപ്പൂർ തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളിലായി 2026ന്റെ മണി മുഴങ്ങി.

യു.എസിന്റെ കിഴക്കൻ തീരങ്ങളിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ 10.30നും പടിഞ്ഞാറൻ തീരത്ത് ഉച്ചയ്ക്ക് 1.30നുമാണ് പുതുവർഷം എത്തുക. പസഫികിലെ ബേക്കർ, ഹൗലൻഡ് ദ്വീപുകളിലാണ് (രണ്ടിടങ്ങളിലും ജനവാസമില്ല) പുതുവർഷം ഏറ്റവും ഒടുവിൽ എത്തുക; വൈകിട്ട് 5.30. അതായത്, 26 മണിക്കൂർ കൊണ്ടാണ് ലോകം മുഴുവനായും 2026ലേക്ക് കടക്കുന്നത്.