ബാധയൊഴിപ്പിക്കാൻ നെഞ്ചിൽ ശക്തമായി അമർത്തി വെള്ളം കുടിപ്പിച്ചു, മകളെ അബദ്ധത്തിൽ കൊലപ്പെടുത്തി അമ്മ

Thursday 01 January 2026 11:09 AM IST

ബീജിംഗ്: പ്രേതബാധ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ അമ്മ അബദ്ധത്തിൽ മകളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷനിലെ മുൻസിപ്പൽ പീപ്പിൾസ് പ്രൊക്യുറേ​റ്ററേ​റ്റ് കോടതിയാണ് ലി എന്ന സ്ത്രീക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചത്. ലിയും രണ്ട് പെൺമക്കളും അന്ധവിശ്വാസങ്ങളിൽ ഏർപ്പെട്ടിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പിശാചുക്കൾ പിന്തുടരുന്നുണ്ടെന്നും അതിനാൽ തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും ലിയും മക്കളും വിശ്വസിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ലിയുടെ ഇളയമകൾ, തന്റെ ശരീരത്തിൽ ഒരു ആത്മാവ് പിടികൂടിയതായി അവകാശപ്പെടുകയും അതിനെ ഒഴിപ്പിക്കാൻ അമ്മയോടും മൂത്ത സഹോദരിയോടും ആവശ്യപ്പെടുകയായിരുന്നു. ആത്മാവിനെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ലി മകളുടെ നെഞ്ചിൽ ശക്തമായി അമർത്തി തൊണ്ടയിൽ വെള്ളം ഒഴിച്ചുകൊടുക്കുകയായിരുന്നു. പിന്നാലെ പെൺകുട്ടി ഛർദ്ദിക്കുകയും ചെയ്തു. ഈ പ്രവൃത്തി ആവർത്തിക്കാൻ പെൺകുട്ടി തന്നെയാണ് ലിയോട് പറഞ്ഞത്.

തൊട്ടടുത്ത ദിവസം പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരെത്തി പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെയാണ് പെൺകുട്ടിയുടെ അസ്വാഭാവിക മരണത്തിനുകാരണം അമ്മയുടെ അശ്രദ്ധയാണെന്ന് കോടതി നിരീക്ഷിച്ചത്.

ചൈനയിൽ റിപ്പോർട്ട് ചെയ്ത മ​റ്റൊരു കേസിൽ ചർച്ച് ഒഫ് ആൾമെ​റ്റി ഗോഡ് കൾട്ടുമായി ബന്ധമുള്ള ഒരു സ്ത്രീ വ്യാജ ഭൂതോച്ചാടനത്തിനിടെ ഒരു യുവതിയെ കൊലപ്പെടുത്തിയിരുന്നു. ആ കേസിൽ സു ഫാംഗ് എന്ന സ്ത്രീക്ക് ജീവപര്യന്തം തടവുശിക്ഷയും ലഭിച്ചിരുന്നു.