പുതുവർഷദിനത്തിൽ തലസ്ഥാനത്ത് ലഹരിവേട്ട, പിടിയിലായവരിൽ ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും

Thursday 01 January 2026 12:01 PM IST

തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തലസ്ഥാനത്ത് മയക്കുമരുന്നുവേട്ട. കണിയാപുരത്തെ ലഹരിവേട്ടയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമടക്കം ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴുപേരെയാണ് പൊലീസ് പിടികൂടിയത്. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) കൊട്ടാരക്കര സ്വദേശിനിയും ബിഡിഎസ് വിദ്യാർത്ഥിനിയുമായ ഹലീന (27) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ആ​റ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. അവിനാഷ് ഐടി ജീവനക്കാരനാണ്.

കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. അസിം, അജിത്ത്, അൻസിയ എന്നിവർ നേരത്തേയും നിരവധി ലഹരിക്കേസുകളിൽ പ്രതികളായവരാണ്. ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ചത് ഇവർ മൂവരുമാണ്. പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കുമാണ് ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതികളുടെ രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കഠിനംകുളം പൊലീസിന് കൈമാറി.

വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി കാറിൽ പോവുകയായിരുന്ന അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് ജീപ്പിൽ കാറിടിപ്പിച്ചശേഷം ഇവർ കടന്നുകളഞ്ഞു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരം ലഭിച്ചു. ഇതേത്തുടർന്ന് പൊലീസ് വീടുവളയുകയായിരുന്നു. കൂടുതൽപ്പേർ സംഘത്തിൽ ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.