ഇടയ്‌ക്കിടെ ഡൈ ചെയ്യേണ്ട; മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കി വയ്‌ക്കാം, അതും കെമിക്കലുകളില്ലാതെ
താരൻ, മുടി കൊഴിച്ചിൽ, നര എന്നിവ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായമാകുന്നതിനനുസരിച്ച് മുടി നരയ്ക്കാറുണ്ടെങ്കിലും കൗമാര പ്രായത്തിൽ തന്നെ നര വരുന്നത് പലരിലും മാനസിക സമ്മർദ്ദമുണ്ടാക്കുന്നു. നരമാറാൻ കൂടുതൽ പേരും ആശ്രയിക്കുന്നത് കെമിക്കൽ ഡൈകളെയാണ്. പക്ഷേ, ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. എന്നാൽ മുടി വളർച്ച കൂടാനും നര മാറുന്നതിനും ചില പ്രകൃതിദത്ത വഴികളുണ്ട്. ഈ ആയുർവേദ മാർഗം എങ്ങനെയെന്നും ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
മൈലാഞ്ചിയില ഉണക്കിയത് - 1 കപ്പ്
നെല്ലിക്ക - 2 എണ്ണം
ചെമ്പരത്തിപ്പൂവ് - 2 എണ്ണം കാപ്പിപ്പൊടി - 3 ടീസ്‌പൂൺ
ചൂടുവെള്ളം - ഒരു ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈലാഞ്ചിയില ഉണക്കിയതെടുത്ത് അതിലേക്ക് ചൂടുവെള്ളമൊഴിച്ച് വയ്‌ക്കുക. കുതിർന്നുവരുമ്പോൾ മിക്‌സിയുടേ ജാറിലേക്കെടുത്ത് നെല്ലിക്കയും ചെമ്പരത്തിപ്പൂവും ചേർത്ത് അരച്ചെടുക്കണം. അലർജിയുടെ പ്രശ്‌നമുള്ളവർക്ക് പനിക്കൂർക്ക ഇല കൂടെ ചേർക്കാവുന്നതാണ്. ശേഷം ഇതിനെ അരിച്ചെടുത്ത് ഇരുമ്പ് ചീനച്ചട്ടിയിലാക്കി തിളപ്പിക്കുക. ഇതിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്ത് വറ്റിച്ചെടുക്കണം. തണുക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
എണ്ണമയം ഇല്ലാത്ത മുടിയിലേക്ക് ഈ ഡൈ പുരട്ടാവുന്നതാണ്. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും.