മനമുരുകി വിളിച്ചാൽ വിളികേൾക്കുന്ന വെള്ളാണിക്കൽ പാറമുകൾ തമ്പുരാൻ, അത്യപൂർവതകൾ ഒത്തിരി

Thursday 01 January 2026 3:54 PM IST

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വെഞ്ഞാറമൂടിനടുത്തുള്ള വെള്ളാണിക്കൽ പാറമുകൾ. സിനിമാ, സീരിയലുക്കാർക്ക് ഇഷ്ട ലൊക്കേഷനും കൂടിയാണ് ഇവിടം. പാറയിൽ നിന്നാൽ അസ്തമയത്തിന്റെ മനോഹര ദൃശ്യവും അങ്ങുദൂരെ കടലിലൂടെ പോകുന്ന കപ്പലുകളുടെ ദൃശ്യങ്ങളും ആവോളം ആസ്വദിക്കാം. തിരുവനന്തപുരം നഗരത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഇവിടെ നിന്നാൽ കാണാം.

ഈ പാറയുടെ മുകളിൽ മനോഹരമായൊരു കൊച്ചുക്ഷേത്രമുണ്ട്. ആയിരവില്ലി ക്ഷേത്രം. വിളിച്ചാൽ വിളികേൾക്കുന്നതാണ് ഇവിടത്തെ തമ്പുരാനെന്നാണ് വിശ്വാസികൾ പറയുന്നത്. നിറഞ്ഞ ഭക്തിയോടെ ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിക്കുമെന്നും അവർ പറയുന്നു. വെള്ളാണിക്കൽ പാറ ഒരുക്കുന്ന മനോഹര ദൃശ്യത്തിനൊപ്പം ക്ഷേത്രത്തിന്റെ ഭക്തിയുടെ അന്തരീക്ഷം കൂടിയാകുമ്പോൾ വിശ്വാസികൾക്ക് അത് വേറിട്ട അനുഭവമാകുന്നു.

ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന അപൂർവക്ഷേത്രങ്ങളിലൊന്നുകൂടിയാണ് ആയിരവില്ലി ക്ഷേത്രം. ഗോത്രവർഗക്കാരുടെ പാരമ്പര്യ രീതിയിലുള്ള പൂജകൾ പിന്തുടരുന്ന ക്ഷേത്രംകൂടിയാണ് ഇത്. മണ്ഡലകാലത്ത് 41 ദിവസവും ക്ഷേത്രത്തിൽ പൂജയുണ്ട്. അതുകഴിഞ്ഞാൽ വെള്ളിയാഴ്ചകളിൽ വെകുന്നേരം മാത്രമാണ് നടതുറക്കുന്നത്. കടുംപായസമാണ് തമ്പുരാന്റെ ഇഷ്ട നിവേദ്യം. കരിക്ക് സമർപ്പിക്കലാണ് പ്രധാന വഴിപാട്.

മകരമാസത്തിലെ മകയിരം നാളിലാണ് മൂന്നുദിവസം നീളുന്ന ഉത്സവം തുടങ്ങുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കരിക്കേറ് ഏറെ പ്രശസ്തമാണ്. തൊട്ടടുത്തുള്ള വെള്ളാണിക്കൽ വനദുർഗാദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനദിവസമാണ് ഈ ചടങ്ങ് നടത്തുന്നത്. സമാപനത്തിനുശേഷം ദേവി തമ്പുരാനെ കാണാനായി ആയിരവില്ലി ക്ഷേത്രത്തിലേക്ക് താലപ്പൊലിയുടെയും തേരുവിളക്കിന്റെയും അകമ്പടിയോടെ എഴുന്നള്ളും. ഈ സമയം ഭക്തർ കരിക്കുകൾ സമർപ്പിക്കും. ദേവി തമ്പുരാനെ കാണുന്നതോടെ കരിക്കുകളിൽ നാലെണ്ണം പൊട്ടിച്ച് നാലുദിക്കിലേക്കും എറിയും. ഭൂതഗണങ്ങൾക്കുവേണ്ടിയാണിത്. തുടർന്ന് ശേഷിക്കുന്ന കരിക്കുകൾ പാറയിൽ അടിച്ച് പൊട്ടിക്കും. ഇതാേടെ ഉത്സവത്തിന് സമാപനമാകും.

നൂറ്റാണ്ടുകൾക്കുമുന്നേ ഇവിടെ ദേവചൈതന്യം ഉണ്ടായിരുന്നു എന്നാണ് ദേവപ്രശ്നത്തിൽ പറയുന്നത്. ഇപ്പോൾ കാണുന്ന ക്ഷേത്രം നിർമ്മിക്കുന്നതിനുമുമ്പ് ആൽത്തറയിലായിരുന്നു പ്രതിഷ്ഠ. ഭക്തജനങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം നിർമ്മിച്ചത്.

എത്തിച്ചേരാനുളള വഴി

തയ്ക്കാട്- കഴക്കൂട്ടം ബൈപ്പാസിൽ കോലിയക്കോട് സൊസൈറ്റി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ക്ഷേത്രത്തിലെല്ലാം. എൻഎച്ചിൽ മംഗലപുരത്തിനുസമീപം പതിനാറാം മൈലിൽ നിന്ന് തിരിഞ്ഞാലും എളുപ്പത്തിൽ ക്ഷേത്രത്തിലെത്തിച്ചേരാം.