പത്ത് പവനും 10,000 രൂപയും മോഷ്‌ടിച്ചു, സിസിടിവി തകർത്തു; കള്ളനെ കയ്യോടെ പൊക്കി പൊലീസ്
കണ്ണൂർ: മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് പത്ത് പവനും 10,000 രൂപയും കവർന്ന കേസിൽ പ്രതിയെ പിടികൂടി പൊലീസ്. പാലക്കാട് അലനെല്ലൂർ സ്വദേശി എം നവാസ് (55) ആണ് പിടിയിലായത്.
ഡിസംബർ 23ന് രാത്രിയാണ് കവർച്ച നടത്തിയത്. പ്രതിയുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. പതുങ്ങിയെത്തിയ മോഷ്‌ടാവ് സിസിടിവി ക്യാമറകൾ കണ്ടതോടെ ഇത് തകർക്കുകയും ചെയ്‌തു. മട്ടന്നൂർ ഇൻസ്‌പെക്‌ടർ എം വി ബിജു, എസ്‌ഐ സി പി ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
നാരായണൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി നാരായണൻ ബംഗളൂരുവിലുള്ല മകളുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്‌ടപ്പെട്ടതായി കണ്ടെത്തി.
ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷണം പോയത്. ആയുധങ്ങൾ ഉപയോഗിച്ചാണ് മോഷ്‌ടാവ് മുൻവശത്തെ വാതിൽ തകർത്തത്. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. കണ്ണൂരിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ശാസ്‌ത്രീയമായ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചത്. ഇയാൾ മറ്റ് മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.