'ഞാനും ഭാര്യയും സെപ്പറേറ്റഡാണ്, ഒരുമിക്കാനുള്ള സാദ്ധ്യത കുറവാണ്'; കാരണം വെളിപ്പെടുത്തി മനു വർമ
മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സിനിമാ സീരിയൽ നടനാണ് മനു വർമ. സിനിമകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇപ്പോൾ സീരിയലുകളിൽ സജീവമാണ്. നടിയായ സിന്ധു വർമയാണ് മനു വർമയുടെ ഭാര്യ. ഇപ്പോഴിതാ മനു വർമ തന്റെ കുടുംബജീവിതത്തിലെ ചില പ്രതിസന്ധികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ്. തന്റെയും ഭാര്യയുടെയും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം ആദ്യമായി വെളിപ്പെടുത്തി.
'ഞാനും സിന്ധുവും വേർപിരിഞ്ഞു. വിവാഹമോചനകേസ് കോടതിയുടെ പരിഗണനയിലാണ്. ഞങ്ങൾക്ക് മൂന്ന് മക്കളാണുള്ളത്. മൂത്തയാൾ അമേരിക്കയിലാണ്. അവിടെ ഐടി എഞ്ചിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബംഗളൂരുവിലാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവൾ സുഖമില്ലാത്ത കുഞ്ഞാണ്. ഞാനും ഭാര്യയും ഇപ്പോൾ സെപ്പറേറ്റഡാണ്. ഓഫീഷ്യലായിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.
ഇതിനേക്കാൾ പ്രണയിച്ചും സ്നേഹിച്ചും ജീവിച്ച എത്രയോപേർ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാർട്ട് ഓഫ് ദി ഗെയിമാണ്. ഇപ്പോൾ പിന്നെ ഒരു ഫാഷനാണല്ലോ. കുടുംബ കോടതിയിൽ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാൻ കഴിയൂ. ആയിരക്കണക്കിന് കേസുകളാണ് ഒരു ദിവസം വരുന്നത്. ജഡ്ജ് ചില സമയങ്ങളിൽ തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം. വേർപിരിഞ്ഞവർ ഒരിക്കലും നല്ലത് പറയില്ലല്ലോ. കോടതി മുറിക്കുള്ളിൽ പരസ്പരം ചെളിവാരിയെറിയലാണ്. അങ്ങോട്ട് പോകാനേ ഇപ്പോൾ മടിയാണ്.
പണ്ട് ഭാര്യാഭർത്താക്കൻമാർ പരസ്പരം മനസിലാക്കുമായിരുന്നു. കാലഘട്ടം മാറുമ്പോൾ ഓരോരുത്തരുടെ മനസ് മാറുമല്ലോ? വേർപിരിയുന്നത് സംഭവിക്കാൻ അധികം സമയമൊന്നും വേണ്ടല്ലോ. മനസിൽ പൊരുത്തമില്ലയെന്നുവരുമ്പോൾ മാറിതാമസിക്കുന്നതാണ് നല്ലത്. വേർപിരിഞ്ഞാലും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ പ്രശ്നമില്ലാത്തയാളാണ് ഞാൻ'- മനു വർമ പറഞ്ഞു.