അതിരാവിലെ കറിവേപ്പില വെള്ളം കുടിക്കാറുണ്ടോ? മുഖക്കുരുവും മുടികൊഴിച്ചിലും മാറിനിൽക്കും
അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. പല കറികൾക്ക് മികച്ച സുഗന്ധം രുചിയും നൽകാൻ കറിവേപ്പിലയ്‌ക്ക് സാധിക്കുന്നു. കറിയിലിട്ട കറിവേപ്പില വലിച്ചെറിയാറാണ് പതിവെങ്കിലും അവയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. രോഗശാന്തിക്കായുള്ള നിരവധി പ്രകൃതിദത്ത ഘടകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.
മുഖക്കുരുവിനെ ചെറുക്കുന്നു
ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് അത്യുത്തമമാണ് കറിവേപ്പില. കറിവേപ്പിലയുടെ സത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്‌ടീരിയൽ ഘടകങ്ങൾ മുഖക്കുരുവിന് കാരണമായ പ്രൊപിയോണി ബാക്ടീരിയക്കെതിരെ പ്രവർത്തിക്കുന്നു. കറിവേപ്പില വെള്ളം കുടിക്കുമ്പോൾ അതിന്റെ ഗുണങ്ങൾ നേരിട്ട് ശരീരത്തിലേക്ക് എത്തുന്നു. ഇത് മുടി കൊഴിച്ചിൽ മാറ്റി മുടി തഴച്ചുവളരാൻ സഹായിക്കുമെന്നും കരുതുന്നു.
ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു
ജേണൽ ഓഫ് എത്‌നോഫോർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് അതിരാവിലെ കറിവേപ്പിലയിട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുന്നു. ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റുകളെ ഫലപ്രദമായി ദഹിപ്പിക്കുന്നതിനും കറിവേപ്പില വെള്ളം ഗുണം ചെയ്യുന്നു. കറിവേപ്പിലയ്‌ക്ക് ധാരാളം ആന്റി ബാക്‌ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാൽ ഒഴിഞ്ഞ വയറ്റിൽ കറിവേപ്പില വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു.
അസിഡിറ്റിയെ ചെറുക്കുന്നു
പലരുടെയും പ്രഭാതം ആരംഭിക്കുന്നത് അസിഡിറ്റി മൂലമുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നാകും. ആമാശയത്തിലെ വാതക രൂപീകരണം തടയാൻ സഹായിക്കുന്നതിൽ പേരുകേട്ടതാണ് കറിവേപ്പില.
മലബന്ധം കുറയ്‌ക്കുന്നു
കറിവേപ്പില ഗ്യാസ് പുറത്തുവിടാൻ പ്രോത്സാഹിപ്പിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. ദഹിക്കാത്ത വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിന് സഹായിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.