നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന് തുടക്കം

Friday 02 January 2026 12:43 AM IST

കോട്ടയം : സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനം ജില്ലയിൽ ആരംഭിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി തോമസിന്റെ കഞ്ഞിക്കുഴിയിലെ വസതിയിലാണ് ആദ്യ വിവരശേഖരണം നടത്തിയത്. കളക്ടർ ചേതൻകുമാർ മീണ മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി. സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാതല സമിതി കൺവീനർ ജസ്റ്റിൻ ജോസഫ്, അംഗങ്ങളായ എൻ.എസ് ഷൈൻ, ബിലാൽ കെ.റാം, കോട്ടയം നിയമസഭാ നിയോജക മണ്ഡലം ചാർജ് ഓഫീസർ ടി. ബൾക്കീസ് എന്നിവർ പങ്കെടുത്തു. ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ ആർച്ച് ബിഷപ്പ് തോമസ് തറയിലുമായാണ് കർമ്മ സമിതി അംഗങ്ങൾ വിവര ശേഖരണത്തിനായി ആദ്യമായി സംവദിച്ചത്. വൈക്കം നിയമസഭാ മണ്ഡലത്തിൽ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വസതിയിൽ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരാണ് സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് ഭവന സന്ദർശനം നടത്തുന്നത്.