പൊൻമുടിയിൽ ന്യൂ ഇയർ ആഘോഷം പൊടിപൂരം
വിതുര: വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ ന്യൂഇയർ ആഘോഷിക്കുന്നതിനായി ആയിരങ്ങളെത്തി. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച സഞ്ചാരികളുടെ ഒഴുക്ക് വൈകിട്ട് വരെ തുടർന്നു. വാഹനപ്പെരുക്കത്താൽ പൊൻമുടി അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടി. ക്രിസ്മസ് അവധി ആരംഭിച്ചതോടെ തുടങ്ങിയ തിരക്ക് ഇപ്പോഴും തുടരുകയാണ്. ക്രിസ്മസ് ദിനത്തിലും ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയിരുന്നു. തിരക്ക് മുൻനിറുത്തി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം, നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിന്നും പൊൻമുടിയിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തി. കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനവും ഇതുവഴി ലഭിച്ചു. അതേസമയം സഞ്ചാരികൾ ഭക്ഷണത്തിനും വെള്ളത്തിനുമായി ഏറെ വലഞ്ഞ അവസ്ഥയായിരുന്നു.
തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പൊൻമുടി കല്ലാർ റൂട്ടിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് വിതുര വരെ നീണ്ടു. പൊൻമുടി പൊലീസും വനംവകുപ്പും ഏറെ പണിപ്പെട്ടാണ് സഞ്ചാരികളെ നിയന്ത്രിച്ചത്.
സഞ്ചാരികളുടെ കുത്തൊഴുക്ക്
ന്യൂഇയർ ആഘോഷിക്കാൻ പതിനായിരത്തിൽപ്പരം പേർ പൊൻമുടി കല്ലാർ മേഖലകളിൽ എത്തിയതായാണ് കണക്ക്. ക്രിസ്മസിന് പാസ് ലഭിക്കാത്തതുമൂലം ധാരാളം സഞ്ചാരികളും വാഹനങ്ങളും മടങ്ങിപ്പോയിരുന്നു.
കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം,ബോണക്കാട്,പേപ്പാറ,ചാത്തൻകോട്,ചീറ്റിപ്പാറ ടൂറിസം മേഖലകളിലും പുതുവർഷം ആഘോഷിക്കാൻ ആയിരക്കണക്കിന് ടൂറിസ്റ്റുകളെത്തി.
വിതുര മേഖലയിലെ ബോണക്കാട്,കല്ലാർ,പേപ്പാറ ടൂറിസം മേഖലകളിലും സഞ്ചാരികളുടെ തിരക്ക് ഇപ്പോഴും തുടരുകയാണ്. അവധിക്കാലം അവസാനിക്കുന്ന ഞായറാഴ്ചവരെ തിരക്ക് തുടരും.
ടൂറിസ്റ്റുകൾക്ക് ഭീഷണിയായി പൊൻമുടി,കല്ലാർ,പേപ്പാറ,ബോണക്കാട് മേഖലകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. പകൽസമയത്തുപോലും കാട്ടാനയും കാട്ടുപോത്തും റോഡിലേക്കിറങ്ങുന്നുണ്ട്.
മഞ്ഞും തണുപ്പും
പൊൻമുടിയിൽ നിലവിലെ കാലാവസ്ഥ സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരും. ശക്തമായ മൂടൽമഞ്ഞ് വീഴ്ചയും, തണുത്ത കാറ്റുമുണ്ട്. ചില ദിവസങ്ങളിൽ മഴയും പെയ്യുന്നുണ്ട്. കൂടാതെ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.