പാൽ ഉത്പാദനം കുറഞ്ഞു ക്ഷീരകർഷകർ പ്രതിസന്ധിയിൽ

Friday 02 January 2026 12:21 AM IST

കിളിമാനൂർ: വേനലെത്തിയതോടെ കടുത്ത പ്രതിസന്ധി നേരിട്ട് ക്ഷീരകർഷകർ. പാൽ ഉത്പാദനത്തിലെ ഗണ്യമായ കുറവ്,കാലിത്തീറ്റയുടെയും വൈക്കോലിന്റെയും വിലവർദ്ധന,പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ് എന്നിവ കാരണം ബുദ്ധിമുട്ടിലാണ് കർഷകർ. ചെറുകിട ക്ഷീരസംഘങ്ങളിലും കർഷകരുടെ എണ്ണത്തിൽ ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. പുല്ലുകൾ കരിഞ്ഞുണങ്ങിയതോടെ പച്ചപ്പുല്ല് കിട്ടാനില്ലാതാവുകയും ഇത് പാൽ ഉത്പാദനം കുറയാൻ കാരണമാവുകയും ചെയ്തു. തീറ്റയ്ക്ക് കാലിത്തീറ്റയെയും വൈക്കോലിനെയും മാത്രം ആശ്രയിക്കേണ്ട സ്ഥിതിയാണ്. കൂടാതെ ചൂട് കൂടിയതോടെ പാലിന്റെ കൊഴുപ്പും കുറഞ്ഞു. ഇതോടെ കിട്ടുന്ന വിലയും കുറവാണ്. ചെറുകിട കർഷകരെയാണ് ഇത് സാരമായി ബാധിക്കുന്നത്. തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെത്തി കറവപ്പശുക്കളെ വാങ്ങുന്നത് പതിവ് കാഴ്ചയായിട്ടുണ്ട്.

 പരിഹാരം

വൻകിട ഫാമുകളിൽ ഫാനുകൾ സ്ഥാപിച്ച് തൊഴുത്ത് ശീതികരിക്കുകയും ഫാമിന്റെ ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങളിൽ പച്ചപ്പുല്ലുകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന്റെ ചെലവ് കുറച്ച് പശുക്കളെ മാത്രം വളർത്തുന്ന കർഷകർക്ക് താങ്ങാനാവില്ല. ത്രിതല പഞ്ചായത്തുകൾ, മിൽമ,സർക്കാർ തലത്തിലോ സഹായം കിട്ടിയാൽ മാത്രമേ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂവെന്നാണ് കർഷകർ പറയുന്നത്.

ഒരു ചാക്ക് കാലിത്തീറ്റക്ക് 1500 രൂപ

 ഒരു ചാക്ക് തവിടിന് 1400 രൂപ

 ഒരു കെട്ട് വൈക്കോലിന് 300 രൂപ