നായിക നയൻതാര; നാലാം തവണ അടൂരും മമ്മൂട്ടിയും
മമ്മൂട്ടി നായകനായി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര നായിക. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്കുശേഷം അടൂരും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി അവസാനം ആരംഭിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രം ആണ്. ഇന്ദ്രൻസ്, വിജയരാഘവൻ,അലിയാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ.വി. മോഹൻകുമാറിന്റേതാണ് കഥ. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്നും അടൂർ ചിത്രങ്ങൾ. മതിലുകൾ 1989 ലും വിധേയൻ 1993ലും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു. വിധേയൻ സംസ്ഥാന ചലച്ചിത്ര അവാർഡും സമ്മാനിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വീണ്ടും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകലോകം. തസ്കര വീരൻ, രാപ്പകൽ, ഭാസ്കർ ദ റാസ്കൽ, പുതിയ നിയമം എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും നയൻതാരയും ഒരുമിച്ചിട്ടുണ്ട്.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആണ് പുതുവർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ പ്രോജക്ട്. പ്രകാശ് വർമ്മയും പുതുമുഖ താരങ്ങളും പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്ന ചിത്രം കൊച്ചിയിൽ പുരോഗമിക്കുന്നു. രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ബ്ളാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി വീണ്ടും എത്തുകയാണ്. ഇക്കുറി അതിഥി വേഷത്തിലാണ് മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന പച്ചാ ചത്ത ആണ് പുതുവർഷത്തിൽ ആദ്യ റിലീസ്. ജനുവരി 22ന് റിലീസ് ചെയ്യും. അടൂർ ചിത്രത്തിനുശേഷം ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും. മമ്മൂട്ടിയും ധനുഷും ഒരുമിക്കുന്ന ചിത്രം ശിവകാർത്തികേയന്റെ ബ്ളോക് ബസ്റ്റർ ചിത്രം അമരൻ ഒരുക്കിയ രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്നു. സായ് പല്ലവി ആണ് നായിക.