സീസൺകാല പക്ഷിപ്പനി, ചിറകടിച്ച് ദുരൂഹത

Friday 02 January 2026 12:55 AM IST

കോട്ടയം : ക്രിസ്മസ് സീസൺ കാലത്ത് പക്ഷിപ്പനി പതിവാകുമ്പോഴും കാരണം അജ്ഞാതം. കഴിഞ്ഞ തവണ ഒരു വർഷത്തോളം ജില്ലയിൽ പക്ഷിവളർത്തൽ നിരോധിച്ചത് ഏതെങ്കിലും സാഹചര്യത്തിൽ രോഗബാധ ഒഴിവാകുകയെന്ന ലക്ഷ്യത്തിലായിരുന്നു. എന്നാൽ ഇക്കുറിയും കൃത്യസമയത്ത് പക്ഷിപ്പനി എത്തി. മണർകാട് പക്ഷിവളർത്തൽ കേന്ദ്രത്തിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ജാഗ്രതാ നടപടികളാണ് സ്വീകരിച്ചത്. രോഗത്തിന്റെ ഉറവിടം മറ്റ് പക്ഷികളിൽ നിന്നാകാമെന്ന് സ്ഥിരീകരിച്ചു. രോഗം പടരാതിരിക്കാനുള്ള സംവിധാനമെന്ന നിലയിൽ പക്ഷി വളർത്തലിന് നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ ഇതൊക്കെ വെറുതെയായി. തുടർച്ചയായി അഞ്ചാം വർഷമാണ് അപ്പർകുട്ടനാട്ടിൽ പക്ഷിപ്പനി സീസൺ കാലത്ത് സ്ഥിരീകരിക്കുന്നത്. ദേശാടന പക്ഷികളാണ് രോഗവാഹകരെന്ന സ്ഥിരീകരണം ഇക്കുറിയില്ല.

ഗവേഷണത്തിന് തടസമെന്ത്

പക്ഷിപ്പനി സംബന്ധിച്ച് ഗവേഷണം നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകാത്തതിൽ കർഷകർ അമർഷത്തിലാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് രോഗം സ്ഥിരീകരിക്കുന്നതെങ്കിലും ചുറ്റുപാടും നിരോധനം ഏർപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നു. ഒരുപതിറ്റാണ്ടിലേറെയായി പക്ഷിപ്പനി തുടർക്കഥയായിട്ടും പരിഹാരമാർഗം കണ്ടെത്താൻ വകുപ്പുകൾ പരാജയപ്പടുന്നതും ദുരൂഹത സൃഷ്ടിക്കുന്നു.

ലക്ഷങ്ങളുടെ നഷ്ടം

സീസൺ കാലത്തെ പക്ഷിപ്പനി ലക്ഷങ്ങളുടെ നഷ്ടം

 രോഗം സ്ഥിരീകരിക്കുന്നത് ക്രിസ്മസിന് തൊട്ടു മുൻപ്

കൊല്ലുന്ന പക്ഷികളുടെ നഷ്ടപരിഹാരവും വൈകുന്നു

'' രോഗം തുടരുകയാണെങ്കിൽ വളർത്തുന്നത് നിറുത്തകയേ വഴിയുള്ളൂ. ഇങ്ങനെ എത്ര നാൾ മുന്നോട്ടു പോകും'' കെ.തങ്കപ്പൻ, താറാവ് കർഷകൻ