ജപ്പാനെ മറികടന്ന് ഇന്ത്യയുടെ മുന്നേറ്റം

Friday 02 January 2026 1:14 AM IST

രണ്ടാം ലോക മഹായുദ്ധത്തിൽ ആറ്റംബോംബിന്റെ കെടുതികൾ ഏറ്റുവാങ്ങി നാശത്തിന്റെ പടുകുഴിയിലേക്ക് പോയ രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. എന്നാൽ യുദ്ധാനന്തരമുണ്ടായ സാമ്പത്തിക വളർച്ചയിൽ എല്ലാ പരിമിതികളും കടന്ന് ലോകത്തെ വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറാൻ ജപ്പാനു കഴിഞ്ഞത് ലോകത്തെ അതിശയിപ്പിക്കുന്നത്ര വേഗതയിലായിരുന്നു. പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തതയും അടിക്കടി ഭൂമികുലുക്കങ്ങളുണ്ടാകുന്ന അവസ്ഥയും മറികടന്ന് ജപ്പാന് ഉയരാൻ കഴിഞ്ഞത് ജനങ്ങളുടെ കർമ്മകുശലതയും ഇച്ഛാശക്തിയും,​ അതോടൊപ്പം ആധുനിക കാലത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നടത്തിയ നവീനമായ കണ്ടുപിടിത്തങ്ങൾ വഴിയും,​ ഉപഭോഗസാധനങ്ങളുടെ നിർമ്മിതിയിലൂടെയും ആയിരുന്നു.

ജപ്പാൻ എന്ന രാജ്യത്തിന്റെ പേര് ലോകം മുഴുവൻ ഒരു ബ്രാൻഡായി മാറിയത് മൊട്ടുസൂചി മുതൽ വ്യവസായവുമായി ബന്ധപ്പെട്ട കൂറ്റൻ യന്ത്രങ്ങൾ വരെ നിർമ്മിക്കുന്നതിൽ അവർ നേടിയ ഗുണമേന്മയിലൂടെ ആയിരുന്നു. ജപ്പാൻ ഇങ്ങനെയുള്ള സാമ്പത്തിക കുതിച്ചുചാട്ടങ്ങൾ നടത്തുന്ന അരനൂറ്റാണ്ടു മുമ്പുള്ള കാലത്ത് ഇന്ത്യ ഒരു ദരിദ്ര രാജ്യത്തിന്റെ പരിവേഷത്തിൽത്തന്നെ തുടരുകയായിരുന്നു. അങ്ങനെയുള്ള ഇന്ത്യ സാമ്പത്തിക വളർച്ചയിൽ ഒരുനാൾ ജപ്പാനെ മറികടക്കുമെന്ന് സ്വപ്നത്തിൽപ്പോലും ആരും ചിന്തിച്ചിരുന്നില്ല. എന്നാൽ ഇന്നത് യാഥാർത്ഥ്യമായിരിക്കുന്നു. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്‌പാദനം (ജി.ഡി.പി) ഇപ്പോൾ 4.18 ലക്ഷം കോടി ഡോളറാണ്. അതായത്,​ ഏകദേശം 368 ലക്ഷം കോടി രൂപ. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യ ജർമ്മനിയെയും മറികടക്കുമെന്നാണ് നീതി ആയോഗ് സി.ഇ.ഒ ബി.വി.ആർ സുബ്രഹ്മണ്യം ന്യൂഡൽഹിയിൽ മാദ്ധ്യമങ്ങളോടു പറഞ്ഞത്.

ഐ.എം.എഫ് ഡേറ്റ പ്രകാരം ഇന്ത്യ ഇപ്പോൾ 'നാല് ട്രില്യൺ ഡോളർ" സമ്പദ് വ്യവസ്ഥയായിരിക്കുന്നു. അമേരിക്ക, ചൈന, ജർമ്മനി എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ മാത്രമാണ് നിലവിൽ ഇന്ത്യയേക്കാൾ വലുത്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും അടുത്ത രണ്ടുവർഷത്തിനകം ആറ് ശതമാനത്തിലധികം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ എന്നും വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ ഐ. എം.എഫ് പ്രസ്താവിച്ചിരിക്കുകയാണ്. എല്ലാ രംഗങ്ങളും ഒരേപോലെ വളരുമ്പോഴാണ് ഒരു രാജ്യത്തിന്റെ ജി.ഡി.പി ഉയരുന്നത്. അത്തരം ഒരു കാലഘട്ടത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സർക്കാർ ഇപ്പോൾ കടന്നുപോകുന്നത്.

തൊണ്ണൂറുകളിലെ നരസിംഹറാവു സർക്കാരിന്റെ സാമ്പത്തിക ഉദാരവത്‌കരണ നടപടികളാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ കുതിച്ചുചാട്ടത്തിന് തുടക്കംകുറിച്ചത്. ലോകം മുഴുവൻ ഉറച്ച വിശ്വാസത്തോടെ ഇന്ത്യൻ നിർമ്മിത ഉത്‌പന്നങ്ങൾ വാങ്ങുന്ന കാലം വരുമ്പോൾ മാത്രമേ ഇന്ത്യയ്ക്ക് മുൻനിര സമ്പന്ന രാജ്യങ്ങളായ അമേരിക്കയുടെയും ചൈനയുടെയും അടുത്ത് എത്താനാകൂ. അത്തരമൊരു പ്രയാണത്തിന്റെ പകുതി ദൂരം പോലും ഇന്ത്യ ഇനിയും പിന്നിട്ടിട്ടില്ല. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്കയുടെ ജി.ഡി.പി 2025-ൽ 30.5 ട്രില്യൺ ഡോളറാണ്; ചൈനയുടേത് ഏകദേശം 19.2 ട്രില്യൺ ഡോളറും. മുന്നോട്ട് ഗമിക്കാൻ ഇന്ത്യയ്ക്ക് ഇനിയും ഏറെ ദൂരം ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സംഖ്യകളാണ് അവരുടേത്.