ഗ്രിൽ ചിക്കനും മന്തിയും ഓർഡർ ചെയ്തത് കിട്ടാൻ വൈകി,​ യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു

Thursday 01 January 2026 8:43 PM IST

കാസർകോട് : തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു,​ ബുധനാഴ്ച വൈകിട്ട് തൃക്കരിപ്പൂരിലെ പോക്കോപ് ഹോട്ടലിലാണ് സംഭവം. ആക്രമണത്തിൽ അന്യസംസ്ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു.

രാത്രി 11 മണിയോടെ ഹോട്ടലിലെത്തിയ നാലുപേരാണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. ഗ്രിൽ ചിക്കനും മന്തിയുമാണ് ഇവർ ഓർഡർ ചെയ്തത്. 15 മിനിട്ട് വൈകുമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ 5 മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ യുവാക്കൾ പ്രശ്നമുണ്ടാക്കി. പാത്രങ്ങളും ഗ്ലാസുകളും എറിഞ്ഞു തകർത്തു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഇറങ്ങിയോടി. തുടർന്ന് പൊലീസിനെ വിളിക്കുകയും യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇരുപത്തിയഞ്ചോളം പേർ വരുന്ന സംഘം വീണ്ടുമെത്തി ഹോട്ടൽ അടിച്ചുതകർക്കുകയായിരുന്നു. ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചുതകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും പുറത്തു നിറുത്തിയിട്ടിരുന്ന ഡെലിവറി സാധനങ്ങൾ തകർക്കുകയും ചെയ്തു. ഒരു ജീവനക്കാരന് മൂക്കിന് സാരമായി പരിക്കേറ്റു. അക്രമികൾ രക്ഷപ്പെട്ടെന്നും ഹോട്ടലുടമ പറഞ്ഞു.

പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നും ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.