പുതുവർഷാഘോഷത്തിനിടെ രണ്ട് അപകടങ്ങളിലായി നാലുപേർ മരിച്ചു
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾക്കിടെ തലസ്ഥാനത്തുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ശംഖുംമുഖം- വേളി റോഡിലും ആക്കുളം - ഉള്ളൂർ റോഡിലുമാണ് അപകടങ്ങളുണ്ടായത്. അമിതവേഗതയിലെത്തിയ കാറുകൾ ബൈക്കുകളിലിടിച്ചാണ് അപകടങ്ങളുമുണ്ടായത്.
ശംഖുംമുഖം - വേളി റോഡിൽ ആൾസെയിന്റ്സ് കോളേജിന് സമീപമുണ്ടായ അപകടത്തിൽ ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന പൂന്തുറ മാണിക്യവിളാകം ടി.സി 70/1668ൽ താമസിക്കുന്ന നൗഷാദ്- റംലാബീവി ദമ്പതികളുടെ മകൻ അബ്ബാസ് (20),പൂന്തുറ ആലുകാട് ടി.സി 47/1402ൽ കബീർ- ദിലാറ ദമ്പതികളുടെ മകൻ ശഫാത്ത് (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആൾസെയിന്റ്സ് ഭാഗത്തുനിന്ന് വേളിയിലേക്ക് വരികയായിരുന്ന ബുള്ളറ്റിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ വലിയതുറ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ചാക്കയിൽ നിന്നുള്ള ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാൾക്കും കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു.
യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മുംതാസ്, ആഷിഖ് എന്നിവരാണ് അബ്ബാസിന്റെ സഹോദരങ്ങൾ. ശഫാത്തിന്റെ സഹോദരൻ മാനീഷ്.
ആക്കുളത്ത് കാറിടിച്ച് രണ്ട് മരണം
ആക്കുളം - ഉള്ളൂർ റോഡിലുണ്ടായ മറ്റൊരു അപകടത്തിൽ അഴിക്കോട് കുറുങ്ങോട് ആലമുക്ക് സർജ്ജു മൻസിലിൽ ഷറഫുദ്ദീന്റെയും ഷമീമയുടെയും മകൻ മുഹമ്മദ് ഫവാസ് (23), അഴിക്കോട് മണ്ടക്കുഴി തെറ്റിയോടുമുകൾ വീട്ടിൽ ബാദുഷയുടെയും സീനാബീവിയുടെയും മകൻ മുഹമ്മദ് ഫൈസി (24) എന്നിവർ മരിച്ചു. നഗരത്തിൽ പുതുവത്സരാഘോഷം കണ്ടു മടങ്ങുമ്പോഴായിരുന്നു അപകടം.മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഫവാസ് സംഭവസ്ഥലത്തും ഫൈസി ആശുപത്രിയിലുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മദ്യലഹരിയിലായിരുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫവാസ് കരകുളം കെൽട്രോൺ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിലും ഫൈസി അഴിക്കോട്ടെ കോഴിക്കടയിലും ജീവനക്കാരായിരുന്നു. ഫവാസിന്റെ സഹോദരിമാർ: മുഷീറ,ഫർഹ. ഫൈസിയുടെ സഹോദരങ്ങൾ: ബിസ്മി, മുഹമ്മദ്.