സംഗീതനിശയ്ക്കിടെ പൊലീസിന് നേരെ ലാത്തി വീശിയ യുവാവ് അറസ്റ്റിൽ
കൊച്ചി: സംഗീതനിശ നടക്കുന്ന മൈതാനത്തേക്ക് ആളുകൾ തള്ളിക്കയറുന്നത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ലാത്തി പിടിച്ചു വാങ്ങി പൊലീസുകാർക്ക് നേരെ വീശിയ യുവാവ് അറസ്റ്റിൽ. തൃക്കാക്കര തോപ്പിൽറോഡ് പറപ്പറമ്പ് വീട്ടിൽ അജയ് (26) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി 10.30ന് ചളിക്കവട്ടത്തായിരുന്നു സംഭവം. ഇവിടെയുള്ള കന്റോൺ മൈതാനത്ത് ‘പകൽ എന്റർടെയ്മെന്റ്സ്’ മ്യൂസിക് ഗ്രൂപ്പിന്റെ സംഗീതനിശ അരങ്ങേറുകയായിരുന്നു. പരമാവധി 4000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൈതാനത്ത് 6000 ത്തോളം പേർ എത്തിയതോടെ കൂടുതൽ ടിക്കറ്റ് കൊടുക്കരുതെന്ന് സംഘാടകരോട് പൊലീസ് നിർദ്ദേശിച്ചു. ഇതിനിടെ ടിക്കറ്റുമായി പ്രവേശനകവാടത്തിൽ എത്തിയവരോട് മടങ്ങിപ്പോകാൻ പൊലീസ് നിർദ്ദേശിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
ടിക്കറ്റെടുത്തവരും പൊലീസും തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയിൽ ഹാർബർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ വി.പി. വിനീതിന്റെ ലാത്തിയാണ് അജയ് പിടിച്ചു വാങ്ങിയത്. പൊലീസിന് നേരെ നടത്തിയ ലാത്തി വീശലിൽ വിനീതിന്റെ നെറ്റിക്ക് മുറിവേറ്റു. ഒപ്പമുണ്ടായിരുന്ന മറ്റു ചില പൊലീസുകാർക്ക് നിസാര പരിക്കേറ്റു. കൂടുതൽ പൊലീസുകാരെത്തിയാണ് പ്രതിയെ കീഴടക്കിയത്. അജയ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ലാത്തി തട്ടിയെടുത്തതിനും ആക്രമിച്ചതിനുമാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.