തകർന്നടിഞ്ഞ് നന്ദിയോട് പഞ്ചായത്തിലെ റോഡുകൾ
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ആദിവാസി മേഖലകളിലേക്കുള്ള ആലുമ്മൂട് പവ്വത്തൂർ തോട്ടുംപുറം റോഡും ആലംപാറ, തോട്ടുമുക്ക് റോഡും തകർന്ന നിലയിൽ.
നന്ദിയോട്,തൊളിക്കോട്,ആനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണ് ആലുമ്മൂട് പവ്വത്തൂർ തോട്ടുംപുറം റോഡ്. അശാസ്ത്രീയമായ ടാറിംഗ് കാരണം റോഡിലുണ്ടായ വെള്ളക്കെട്ടുകളാണ് വലിയ കുഴികളായി മാറിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ബുദ്ധിമുട്ടായി. തോട്ടുംപുറം മുതൽ കിടാരക്കുഴി വരെയുള്ള പ്രദേശം പൂർണമായും തകർന്ന നിലയിലാണ്. മഴക്കാലത്ത് റോഡുകളിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴികൾ തിരിച്ചറിയാൻ പറ്റാത്ത രീതിയിലാകും. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജനയിലുൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്താണ് വർഷങ്ങൾക്കു മുമ്പ് റോഡ് നവീകരിച്ചത്. തോടുംപുറം ഭാഗത്ത് 500 മീറ്ററോളം റോഡിൽ കുഴികൾ മാത്രമാണുള്ളത്. കിടാരക്കുഴി,ഒൻപതേക്കർ കോളനി തുടങ്ങിയ മേഖലകളിലേക്കുള്ള ഏക ആശ്രയമായ റോഡാണിത്. അടിയന്തരമായി റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡുപണി എങ്ങുമെത്തിയില്ല
ആലംപാറ, തോട്ടുമുക്ക് റോഡ് തകർന്ന പത്രവാർത്തകളെ തുടർന്ന് 2024 സെപ്തംബർ 24ന് എം.എൽ.എ ഫണ്ടിൽ നിന്നും 25 ലക്ഷം അനുവദിച്ച് നിർമ്മാണം ആരംഭിച്ചെങ്കിലും മെറ്റൽ നിരത്തി കരാറുകാർ മുങ്ങി. 1230 മീറ്റർ നവീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും ഒന്നുമാകാതെ റോഡ് വീണ്ടും അപകടക്കെണിയായി. റിസ്ക് ആൻഡ് കോസ്റ്റിൽ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശത്തിൽ എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനിയർ കരാറുകാരന് കത്ത് നൽകി. തുടർന്ന് കരാറുകാരൻ മൂന്ന് മാസത്തെ സാവകാശം തേടിയിരുന്നു. പക്ഷേ മാസങ്ങൾ പിന്നിട്ടിട്ടും റോഡുപണി എങ്ങുമെത്തിയില്ല.
അപകടവും പതിവ്
താന്നിമൂട്,ആലംപാറ,മീൻമുട്ടി,പാലുവള്ളി വാർഡുകളുടെ പ്രധാന ആശ്രയമാണ് ആലംപാറ, തോട്ടുമുക്ക് റോഡ്. ടാറിളകി ഗർത്തങ്ങൾ രൂപപ്പെട്ടിട്ട് നാളുകളേറെയായി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഈ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളും സ്വാശ്രയ സംഘങ്ങളും സ്ഥലം ഏറ്റെടുത്ത് പാട്ടക്കൃഷി നടത്തുകയാണ്. വാഴയും പച്ചക്കറിയും കൃഷി ചെയ്യുന്നിടത്തെത്താൻ കർഷകരും ബുദ്ധിമുട്ടുകയാണ്.
എഗ്രിമെന്റുകൾ കാറ്റിൽപ്പറത്തി
ആലംപാറ റോഡ് പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിലുൾപ്പെടുത്തി സമീപകാലത്ത് നവീകരിച്ചെങ്കിലും ആയുസ്സുണ്ടായില്ല. ജല അതോറിട്ടി പൈപ്പിടാനായി കുഴിച്ച റോഡുകളാണ് തകർന്ന് തരിപ്പണമായത്. റോഡ് വെട്ടിക്കുഴിക്കുന്നതിന് മുൻപ് പൈപ്പിടൽ കഴിഞ്ഞ് പൂർവ സ്ഥിതിയിലാക്കാമെന്ന് കരാറുകാരുടെ എഗ്രിമെന്റുണ്ട്.എന്നാൽ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ അട്ടിമറിക്കപ്പെടുകയാണ്. കരാറുകാർക്ക് ബില്ല് മാറി കൊടുക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു.