എന്നും ഇഡ്ഡലി കഴിച്ച് മടുത്തോ? ഇനി ഉണ്ടാക്കുമ്പോൾ ഇങ്ങനെയൊന്ന് ട്രെെ ചെയ്തുനോക്കൂ, പാത്രം കാലിയാകും

Thursday 01 January 2026 9:14 PM IST

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലി. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇഡ്ഡലി ഉണ്ടാക്കാത്ത വീടുകൾ ചുരുക്കമാണ്. എന്നാൽ എന്നും സാധാരണ ഇഡ്ഡലി കഴിച്ച് മടുത്തോ? ഇത്തവണ ഒരു മസാല ഇഡ്ഡലി പരീക്ഷിച്ച് നോക്കിയാലോ? എങ്ങനെ എളുപ്പത്തിൽ മസാല ഇഡ്ഡലി ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. ഇഡ്ഡലി - അഞ്ചെണ്ണം കഷണങ്ങളാക്കി അരിഞ്ഞത്
  2. സവാള - ഒരെണ്ണം ചെറുതായി അരിഞ്ഞത്
  3. തക്കാളി - ഒരെണ്ണം ചെറുതായി അരിഞ്ഞത്
  4. മുളകുപൊടി - ഒരു ടീസ്‌പൂൺ
  5. മല്ലിപ്പൊടി - 1/2 ടീസ്‌പൂൺ
  6. ഗരം മസാല - 1/4 ടീസ്‌പൂൺ
  7. വെളുത്തുള്ളി - ചെറുതായി അരിഞ്ഞത് അഞ്ച്
  8. മല്ലിയില - രണ്ട് തണ്ട്
  9. ഉപ്പ് - ആവശ്യത്തിന്
  10. വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

കഷണങ്ങളാക്കി അരിഞ്ഞ ഇഡ്ഡലി ആദ്യം തന്നെ ഒന്ന് ഫ്രെെ ചെയ്തെടുക്കുക. ഇതിനായി പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഡ്ഡലി ഇട്ട് രണ്ട് മിനിട്ട് ഇളക്കുക. ഇഡ്ഡലി ചെറുതായി മൊരിഞ്ഞ് വരുമ്പോൾ എടുത്ത് മറ്റൊരു പാത്രത്തിൽ സൂക്ഷികാം.

വീണ്ടും പാനിൽ ഒരു ടേബിൾസ്‌പൂൺ എണ്ണ ഒഴിച്ച് ചൂടായ ശേഷം വെളുത്തുള്ളി ഇട്ട് കൊടുക്കുക. വെളുത്തുള്ളി മൂത്തുവരുമ്പോൾ സവാള, തക്കാളി, എന്നിവ വഴറ്റുക.ശേഷം മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കാം. പച്ചമണം മാറുപ്പോൾ ഇതിലേക്ക് നേരത്തെ ഫ്രെെ ചെയ്ത് വച്ച ഇഡ്ഡലി ഇട്ട് യോജിപ്പിക്കാം. നല്ലപോലെ യോജിപ്പിച്ചശേഷം തീഓഫ് ചെയ്ത് കുറച്ച് മല്ലിയില തൂവി കൊടുക്കാം. നല്ല കിടിലൻ മസാല ഇഡ്ഡലി റെഡി. കറിയില്ലാതെ വെറുതെ കഴിക്കാനും ഇത് നല്ലതാണ്.